ഹരിതകർമ്മ സേനയ്ക്കെതിരെയുള്ള . ആരോപണങ്ങൾ വെറും 'വേസ്റ്റ് ', കരുത്തുപകരാൻ കളക്ടർമാരും

Monday 09 January 2023 12:10 AM IST
t

# മാലിന്യം ശേഖരി​ക്കുമ്പോൾ പണം നൽകേണ്ടെന്ന് വ്യാജ പ്രചാരണം

ആലപ്പുഴ: വീടുകളി​ലും സ്ഥാപനങ്ങളി​ലും നി​ന്ന് പ്ളാസ്റ്റി​ക് മാലി​ന്യങ്ങൾ ശേഖരി​ക്കുന്ന ഹരി​തകർമ്മ സേനാംഗങ്ങൾക്ക് ഒരു രൂപ പോലും 'യൂസർഫീസ്' ഇനത്തിൽ കൊടുക്കേണ്ടതില്ലെന്ന വ്യാജ പ്രചാരണം തകർക്കാൻ മുഴുവൻ ജില്ലകളിലെയും കളക്ടർമാർ തന്നെ രംഗത്തിറങ്ങി കവചം തീർക്കുന്നു. ആത്മവിശ്വാസം തകർന്നു നിൽക്കുകയായിരുന്ന, ജില്ലയിലെ 2391 ഹരിതകർമ്മ സേനാംഗങ്ങളും മാതൃസംഘടനയായ കുടുംബശ്രീയും ഇതോടെ ഉഷാറിലായി.

അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, മാലിന്യം വേർതിരിക്കൽ, സംസ്കരിക്കൽ തുടങ്ങിയ സേവനങ്ങൾക്ക് യൂസർ ഫീ കൂടുതലാണെന്നും നൽകേണ്ടെന്നുമാണ് ഏറെ നാളായി സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നത്. സേവനങ്ങൾക്കു വേണ്ടി ഹരിതകർമ്മ സേന നൽകുന്ന രസീതിന്റെ പകർപ്പ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളോ, സർക്കുലറുകളോ ഇല്ലെന്ന് വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ മറുപടിയാണ് വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. പ്രചരണം വിവാദമായതോടെയാണ് സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കളക്ടർമാർ രംഗത്തെത്തിയത്.

ഒരു വാർഡിൽ 2 ഹരിതകർമ്മസേന അംഗങ്ങളുണ്ടാവും. 2016ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് ചട്ട പ്രകാരം യൂസർഫീസ് നൽകാൻ വീടുകളും സ്ഥാപനങ്ങളും ബാദ്ധ്യസ്ഥരാണ്. ശേഖരിക്കുന്ന അജൈവ മാലിന്യം വേർതിരിച്ച് പുനരുപയോഗ സാദ്ധ്യതയുള്ളത് ക്ളീൻ കേരള കമ്പനിക്കാണ് കൈമാറുന്നത്. അല്ലാത്തവ റോഡ് ടാറിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കും.

........................

# ആലപ്പുഴയിലെ സേന

ആകെ അംഗങ്ങൾ: 2391

കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം: 9.03 കോടി

മാസം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന പ്ലാസ്റ്റിക്ക്: 130 ടൺ

മാസം ഓരോ അംഗവും സന്ദർശിക്കേണ്ടത്: 250 വീടുകൾ

100 ശതമാനം യൂസർ ഫീ ലഭിച്ച പഞ്ചായത്തുകൾ: കാർത്തികപ്പള്ളി, തകഴി, പെരുമ്പളം

.........................

# യൂസർ ഫീസ്

ഗ്രാമങ്ങളിൽ: 50

നഗരങ്ങളിൽ: 70

സ്ഥാപനങ്ങളിൽ: 100

...................

# ഐക്യദാർഢ്യ സെൽഫി

ഹരിതകർമ്മസേനക്കെതിരായ പ്രചാരണത്തിനെതിരെ കുടുംബശ്രീ ജില്ലാ മിഷൻ 'ചേർന്നുനിൽക്കാം' എന്ന പേരിൽ സെൽഫി മത്സരം നടത്തും. തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാർ, ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങളും എ.ഡി.എസ് ഭാരവാഹികളും തങ്ങളുടെ വീട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യം ഹരിതകർമ്മസേനാംഗങ്ങളിൽ എത്തിച്ച് യൂസർ ഫീസ് നൽകി സെൽഫിയെടുത്ത് ജില്ലാ മിഷന്റെ ഗ്രൂപ്പിൽ ഷെയർ ചെയ്യും. ഏറ്റവും കൂടുതൽ സെൽഫിയെടുത്ത് ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂസർഫീസ് കൊടുക്കുന്ന സി.ഡി.എസിന് ജില്ലാ മിഷൻ പാരിതോഷികം നൽകുമെന്ന് കോ ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ജി.സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർ സാഹിൽ ഫെയ്സി എന്നിവർ അറിയിച്ചു.

ഹരിതകർമ്മസേനയുടെ ആത്മവീര്യം കെടാതെ സൂക്ഷിക്കേണ്ടത് മാലിന്യ മുക്ത കേരളം ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഈ ലക്ഷ്യത്തോടെയാണ് ബോധവത്കരണ കാമ്പയിൻ ആരംഭിക്കുന്നത്

കുടുംബശ്രീ ജില്ലാ മിഷൻ

Advertisement
Advertisement