സിദ്ധദിനാചരണം ഇന്ന് മുതൽ

Monday 09 January 2023 3:25 AM IST

തിരുവനന്തപുരം: ദേശീയ സിദ്ധ ദിനാചരണത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കവടിയാർ വിമെൻസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ലക്ഷ്മിക്കുട്ടിയമ്മയെ ചടങ്ങിൽ ആദരിക്കും. ഭാരതീയ ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ മുഖ്യ പ്രഭാഷണം നടത്തും.ചികിത്സ വകുപ്പ് ഡയറക്ടർ കെ.എസ് പ്രിയ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ എ.കനകരാജൻ, ശോഭന ജോർജ്, ഡോ ഹരികൃഷ്ണൻ തിരുമംഗലത്ത്, ഡോ എം.എൻ. വിജയാംബിക തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം വൈകിട്ട് അഞ്ചു മുതൽ ഏഴുവരെ ആഹാരമാണ് ഔഷധം എന്ന വിഷയത്തിൽ പാനൽ ചർച്ചയും തുടർന്ന് നേമം അഗസ്ത്യം കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ് ഷോയും നടക്കും. അഞ്ചുദിവസം നീളുന്ന പ്രദർശന വിപണനമേള, ശില്പശാലകൾ,സെമിനാറുകൾ, ആരോഗ്യകരമായ ഭക്ഷണ രീതികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള എന്നിവയുമുണ്ടാകും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് സ്ത്രീ രോഗങ്ങൾ ഭക്ഷണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചു മുതൽ ഏഴുവരെ നാഡീ രോഗ നിർണയം, പ്രായോഗിക വശങ്ങൾ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. സമാപന സമ്മേളനം 13ന് വൈകിട്ട് മൂന്നിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.