വനിതാ എസ്ഐ യെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Monday 09 January 2023 2:48 AM IST

കയ്പമംഗലം: വനിതാ എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ജിനു ഹബീബുള്ള (43) യെയാണ് കയ്പമംഗലം എസ്.എച്ച്.ഒ: സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. കയ്പമംഗലം വഴിയമ്പലത്ത് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മദ്യപിച്ച് അപകടകരമായവിധം മിനിലോറി ഓടിച്ചെത്തിയ ജിനുവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ ആക്രമാസക്തനായത്. ജീപ്പിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് തടയാനെത്തിയ വനിതാ എസ്.ഐ. കൃഷ്ണ പ്രസാദിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. എസ്.ഐയുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.