ബാരാബങ്കിയിൽ സീരിയൽ കില്ലർ, കൊല്ലപ്പെട്ടത് മൂന്നു സ്ത്രീകൾ

Sunday 08 January 2023 11:03 PM IST

ന്യൂഡൽഹി: പ്രായമായ സ്ത്രീകളെ ആക്രമിച്ച് കൊന്ന ശേഷം നഗ്നയാക്കി ഉപേക്ഷിക്കുന്ന കൊലപാതകിയെ തേടി ഉത്തർപ്രദേശ് പൊലീസ്. ബാരാബങ്കി മേഖലയിലെ മൂന്ന് സ്ത്രീകളെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ വകവരുത്തിയത്. ഉത്തർ പ്രദേശിനെയാകെ ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലർ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയതായി യു.പി പൊലീസ് പറഞ്ഞു. പിടികൂടാൻ ആറ് പ്രത്യേക ദൗത്യ സംഘങ്ങളെയും ചുമതലപ്പെടുത്തി. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.

50 നും 60നും ഇടയിൽ പ്രായമുള്ള മൂന്നു സ്ത്രീകളെയാണ് അതിക്രൂരമായി കൊല ചെയ്തത്. ഇവർ ഒരേ രീതിയിലാണ് ആക്രമിക്കപ്പെട്ടത്. മുഖത്തും തലയിലുമാണ് പരിക്ക്.

കൊല നടത്തിയ ശേഷം വിവസ്ത്രരാക്കിയാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചത്. അയോദ്ധ്യയിലെ ഖുഷേതി ഗ്രാമത്തിൽ കഴിഞ്ഞ ഡിസംബർ ആറിനാണ് ആദ്യത്തെ കൊല നടന്നത്. ഡിസംബർ അഞ്ചിന് വീട്ടു ജോലിക്കായി പോയ സ്ത്രീയാണ് ആക്രമണത്തിനിരയായത്.മാനഭംഗപ്പെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും അതിനുശേഷം മുഖത്തും തലയിലും മുറിവേൽപ്പിക്കുകയും ചെയ്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

10 ദിവസങ്ങൾക്ക് ശേഷം ഡിസംബർ 17ന് ബാരാബങ്കിയിൽ വയലിൽ 62കാരിയുടെ മൃതദേഹം കണ്ടെത്തി. ആദ്യ കൊലയുടെ അതേരീതിയിലായിരുന്നു രണ്ടാമത്തേതും. താത്തർഹ ഗ്രാമത്തിലാണ് മൂന്നാമത്തെ സംഭവം . ഡിസംബർ 29ന് പ്രഭാതകൃത്യങ്ങൾക്കായി പുറത്തിറങ്ങിയ 55 കാരിയായിരുന്നു ഇര. ഇവരുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. റാം സ്നേഹി ഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൂന്ന് കൊലപാതകങ്ങളും നടന്നത്.