യുവാക്കൾ രാജ്യത്തെ നയിക്കണം: എസ് ജയശങ്കർ
ന്യൂഡൽഹി:ഇന്ത്യ അഭൂത പൂർവമായ വേഗത്തിലും രീതിയിലും നമ്മുടെ കൺമുന്നിൽ മാറിക്കൊണ്ടിരിക്കുകയാണെന്നും ലോകത്തിൽ മുൻ നിരശക്തിയായി ഉയർന്നു വരാനുള്ള ഈ പ്രയാണം സ്വദേശത്തും വിദേശത്തുമുള്ള യുവാക്കൾ ഏറ്റെടുക്കണമെന്നും വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ പറഞ്ഞു. മുൻ നിരശക്തിയായി വളർന്ന് വരാനുള്ള പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശവും കാഴ്ചപ്പാടും നൽകാൻ കഴിവുള്ള ഒരു നേതൃത്വം ഇന്ന് നമുക്കുണ്ട്. ഈ വെല്ലുവിളി യുവാക്കൾ ഏറ്റെടുക്കുകയും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ സഹായിക്കുകയും വേണം. പ്രവാസി ഭാരതീയ ദിവസിന്റെ ആദ്യ പരിപാടിയായ യൂത്ത് പ്രവാസി ഭാരതീയ ദിവസ് ഇന്നലെ ഇൻഡോറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ യുവാക്കൾക്ക് വിദേശത്തെ തങ്ങളുടെ വിശ്വാസമൂല്യങ്ങളുടെ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് അഭിമാനകരമാണ്. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് വിദേശത്തുള്ള നമ്മുടെ യുവത്വത്തിന് ഇന്ത്യൻ വേരുകളായുള്ള ബന്ധം നിലനിർത്താൻ സഹായിക്കും. അത്തരം കേന്ദ്രങ്ങളിൽ നിന്നും നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും പഠിക്കാൻ കഴിയും. നമ്മുടെ പല എംബസികളും ഇന്ന് യോഗ, നൃത്തം, സംഗീതം തുടങ്ങിയ ക്ലാസ്സുകൾ നടത്തുന്നു. ഇന്ത്യൻ യുവത്വത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളെ പിന്തുണക്കാൻ എംബസികൾക്ക് നിർദേശം നൽകുന്നു. യു.എ.ഇയിലെ അബുദാബിയിൽ 2018 ഫെബ്രുവരി 11 ന് ഹിന്ദു ക്ഷേത്രത്തിന്റെ ശിലയിട്ടതും നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ക്ഷേത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള മാനവ മൂല്യങ്ങളുടെയും സൗഹാർദത്തിന്റെയും വളർച്ചയ്ക്കായി പ്രവർത്തിക്കും. പുതിയ വിദ്യാഭ്യാസനയവും പ്രവാസികളുടെ വലിയ പങ്കാളിത്തത്തിനുള്ള അവസരം സൃഷ്ടിക്കും. കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതിൽ യുവതലമുറയും ഏറെ മുന്നിലാണ്. അവർ സ്വന്തം രാജ്യത്ത് നിന്നുകൊണ്ട് മാത്രമല്ല ഇത് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ പഠനം, ജോലി, യാത്രകൾ എന്നിവയിലൂടെയുമാണ്. മികച്ച ആഗോള സാഹചര്യം സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഓസ്ട്രേലിയൻ പാർലമെന്റ് അംഗം സനേറ്റ മസ്കരേനസ് മുഖ്യാഥിതിയായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ അനുരാഗ് സിംഗ് ഠാക്കൂർ,വി.മുരളീധരൻ, മീനാക്ഷി ലേഖി, ഡോ രഞ്ജൻ, നിസിത് പ്രമാണിക് തുടങ്ങിയവരും പങ്കെടുത്തു.
പ്രധാനമന്ത്രി
ഇന്ന് ഉദ്ഘാടനം ചെയ്യും
പ്രവാസി ഭാരതീയ ദിവസ് ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിനായി ഊർജ്ജസ്വല നഗരമായ ഇൻഡോറിലെത്താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തു. ആഗോള തലത്തിൽ തന്നെ വേറിട്ട് നിൽക്കുന്ന പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിത്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.