ജനാധിപത്യ മഹിളാ അസോസിയേഷൻ : പി.കെ. ശ്രീമതി ദേശീയ പ്രസിഡന്റായേക്കും

Monday 09 January 2023 12:42 AM IST

സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം:തലസ്ഥാനത്ത് നടന്നു വരുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം ദേശീയ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ദേശീയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിലവിലെ വൈസ് പ്രസിഡന്റും , സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയെയാണ് മുഖ്യമായും പരിഗണിക്കുന്നത്.പ്രസിഡന്റ് സ്ഥാനം ഇത്തവണ കേരളത്തിനാണ്.

സംഘടനാ നിയമമനുസരിച്ച് മൂന്ന് ടേമിൽ കൂടുതൽ ഒരാൾക്ക് പ്രസിഡന്റ് ,ജനറൽ സെക്രട്ടറി പദവിയിൽ തുടരാനാകില്ല. നിലവിലെ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ മൂന്ന് ടേം പിന്നിട്ടു.ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ രണ്ട് ടേമും.അതിനാൽ, ധാവ്‌ളെ തുടരും..പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കെ.കെ ശൈലജ,സൂസൻ കോടി എന്നിവരുടെ പേരുകളും ചർച്ചയിലുണ്ടെങ്കിലും , ശ്രീമതിക്കാണ് മുൻഗണന.

ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് സമാപനം.

വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൃന്ദ കാരാട്ട്, സുഭാഷിണി അലി, പി.കെ. ശ്രീമതി, മറിയം ധാവ്‌ളെ, മാലിനി ഭട്ടാചാര്യ, കെ.കെ. ശൈലജ, സി.എസ്. സുജാത തുടങ്ങിയവർ പങ്കെടുക്കും.ഇന്ന് രാവിലെ കമ്മീഷൻ പേപ്പറുകളുടെ പ്ലീനറി സെഷൻ നടക്കും. തുടർന്ന് ക്രെഡെൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ കേന്ദ്ര കമ്മിറ്റിയെയും, ഭാരവാഹികളേയും തിരഞ്ഞെടുക്കും.

ട്രാൻസ് വനിതകൾക്ക്

അംഗത്വം

ട്രാൻസ്ജെനഡർ വനിതകൾക്കും അംഗത്വം നൽകുന്നതിന് അസോസിയേഷൻ ഭരണഘടന ഭേദഗതി ചെയ്തു. . ഇനി അവരുൾപ്പെടെ 15 വയസിന് മുകളിലുള്ള ഏത് സ്ത്രീക്കും അംഗത്വമെടുക്കാം.രാജ്യത്ത് ആദ്യമായി ട്രാൻസ് ജെൻഡർ നയം കൊണ്ടുവന്നത് കേരളമാണ്. ആദ്യമായി ട്രാൻസ് ജെൻഡർ വെൽഫെയർ ബോർഡ് സ്ഥാപിച്ചത് തമിഴ്നാടും. അംഗത്വത്തിലേക്ക് ട്രാൻസ് വനിതകൾ വരുന്നതോടെ ,അവരുടെ പ്രശ്നങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാനും, ആവശ്യങ്ങൾ സംയുക്തമായി ഉന്നയിക്കാനുമാവുമെന്ന് അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു. വാസുകി പറഞ്ഞു.