കേരളം ലിംഗപദവി സമത്വത്തിന് ബദൽ മാതൃക: മാലിനി ഭട്ടാചാര്യ

Monday 09 January 2023 12:46 AM IST

തിരുവനന്തപുരം:കേരളം ലിംഗപദവി സമത്വത്തിന് ബദൽ മാതൃകയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അദ്ധ്യക്ഷ മാലിനി ഭട്ടാചാര്യ പറഞ്ഞു. സർക്കാരിന്റെ സ്ത്രീപക്ഷ നയങ്ങളും ബദൽ മാതൃകയും മഹിളാ അസോസിയേഷൻ യൂണിറ്റുകളുടെ കൂടി പിന്തുണയോടെയാണ് സാദ്ധ്യമാകുന്നത്.രാഷ്ട്രീയ പാർട്ടികൾ നിശ്ചിത സംവരണം നൽകിയാലേ പാർലമെന്റിൽ 33 ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ടാകൂ.

സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട സംഘടനാ പ്രവർത്തന റിപ്പോർട്ടുകളിന്മേലുള്ള ചർച്ചയിൽ വിവിധ സംസ്ഥാനഘടകങ്ങളെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നുള്ള കെ.പി.വി. പ്രീത, ഇ. പദ്മാവതി, ബിന്ദു ചന്ദ്രമോഹൻ എന്നിവരുൾപ്പെടെ 39 പ്രതിനിധികൾ പങ്കെടുത്തു.

സ്ത്രീകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തണമെന്നും നഗര തൊഴിലുറപ്പു പദ്ധതി നടപ്പാക്കണമെന്നും പ്രതിനിധികൾ പറഞ്ഞു.

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും മഹിളാ അസോസിയേഷൻ സംഘടിപ്പിക്കുമെന്നും മാലിനി ഭട്ടാചാര്യ പറഞ്ഞു.