അതിശൈത്യത്തിൽ ഡൽഹി; ട്രെയിൻ- വിമാന സർവീസുകൾ താളം തെറ്റി

Monday 09 January 2023 12:04 AM IST

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. താപനില താഴ്ന്നതോടെ ഡൽഹി തണുത്ത് വിറങ്ങലിക്കുകയാണ്. സഫ്ദർജംഗിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 1.9 ഡിഗ്രി സെൽഷ്യസ്. അയ നഗറിൽ 2.6 ഡിഗ്രിയും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഡൽഹിയിലെ പുകമഞ്ഞിൽ കാഴ്ച്പരിധി 25 മീറ്ററായി ചുരുങ്ങി. ശുദ്ധവായുവിന്റെ നിലവാരവും താഴ്ന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി.

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 34 വിമാനങ്ങൾ വൈകി. 42 ട്രെയിനുകൾ വൈകി ഓടുന്നതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

അടുത്ത രണ്ട് ദിവസം കൂടി അതിശൈത്യം തുടരുമെന്നതിനാൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. യു.പി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ വിദ്യാലയങ്ങളുടെ ശൈത്യകാല അവധി നീട്ടി.

ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ് ഡൽഹിയിൽ ഒരുക്കിയ നൈറ്റ് ഷെൽട്ടറുകളിൽ ആളുകൾ തിങ്ങി നിറയുകയാണ്. കാശ്മീരി ഗേറ്റിൽ മാത്രം പത്ത് ഷെൽട്ടറുകൾ ഒരുക്കി. ഇതിന് പുറമെ താത്ക്കാലിക ടെന്റുകളും ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 264 ഷെൽട്ടറുകളാണ് നഗരത്തിലുള്ളത്. ദിവസക്കൂലിക്കാരായ ആളുകളാണ് ഇവിടെ കൂടുതലും കഴിയുന്നത്. ഷെൽട്ടറിൽ മൂന്ന് നേരം ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, എല്ലാവരെയും ബാധിക്കുന്ന പ്രശ്നം ടോയ‌്ലെറ്റുമായി ബന്ധപ്പെട്ടാണ്. ഷെൽട്ടറുകൾക്ക് സമീപം സ്ഥാപിച്ച പോർട്ടബിൾ ടോയ്‌ലെറ്റുകൾ മതിയാകാത്തതാണ് കാരണം.

ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രൂക്ഷമാണ്. ഗംഗ സമതല പ്രദേശങ്ങളിൽ ഈർപ്പമടങ്ങിയ കാറ്റ് തുടരുന്നതിനാൽ ഈ സംസ്ഥാനങ്ങളിലെല്ലാം പകൽ സമയങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാദ്ധ്യതയുണ്ട്.

ബാധിച്ചത് 480 ട്രെയിൻസർവീസുകളെ

അതിശൈത്യം ഉത്തരേന്ത്യയിലാകെ 480 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവെ അറിയിച്ചു. മൂടൽമഞ്ഞ് കാരണം 88 ട്രെയിനുകൾ റദ്ദാക്കുകയും 33 എണ്ണം ഇടയ്ക്ക് നിറുത്തിയിടുകയും 335 ട്രെയിനുകൾ വൈകുകയും ചെയ്തു.

ശുദ്ധവായുവിന്റെ നിവലാരം താഴ്ന്നു

ഡൽഹിയിൽ കഴിഞ്ഞ ആഴ്ചകളിൽ ശുദ്ധവായുവിന്റെ നിലവാരം ഉയർന്നിരുന്നുവെങ്കിലും അതിശൈത്യം വന്നതോടെ വായുവിന്റെ നിലവാരം ശോചനീയമായ നിലയിലേക്കെത്തി. അടുത്ത മൂന്നു നാലു ദിവസങ്ങളിൽ നില കൂടുതൽ വഷളാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.