പരിമിതികളിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് സർക്കാർ കനിയണം

Monday 09 January 2023 12:15 AM IST

കണ്ണൂർ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനം വലിയ പരിമിതികളിൽ. ഭക്ഷ്യ സാധനങ്ങളുടെ പൂർണ ഗുണനിലവാരം പരിശോധിക്കാൻ സാധിക്കുന്ന ലാബുകളോ, ജില്ലയിൽ എല്ലായിടത്തും പെട്ടെന്ന് ഓടിയെത്താൻ ആവശ്യമായ വാഹനങ്ങളോ വകുപ്പിന് കീഴിലില്ല.

സങ്കീർണമായ പരിശോധനകൾക്ക് കോഴിക്കോട് മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന റീ​ജണ​ൽ അ​ന​ല​റ്റി​ക്ക​ൽ ല​ബോ​റ​ട്ടറിയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇവിടെനിന്നും പരിശോധനാ ഫലം ലഭ്യമാകാൻ പതിനാല് ദിവസംവരെ എടുക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. പതിനൊന്ന് സർക്കിളുകളുള്ള കണ്ണൂരിൽ ഡിപ്പാർട്ട്മെന്റിന് സ്വന്തമായി ഒരു വാഹനമാണുള്ളത്. ഒരു വർഷത്തേക്ക് രണ്ടെണ്ണം വാടക്കയ്ക്കും എടുത്തിട്ടുണ്ട്. ജില്ലയിലെ ആവശ്യത്തിന് ഇത് അപര്യാപ്തമാണ്. സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിക്കാൻ ട്രെയ്നിംഗ് കഴിഞ്ഞ ഫുഡ്‌സേഫ്‌റ്റി ഓഫീസർമാർ 4 പേർ മാത്രം. അഴീക്കോട്, പയ്യന്നൂർ, മട്ടന്നൂർ സർക്കിളിലെ ഓഫീസർമാരുടെ ട്രെയ്നിംഗ് മാത്രമേ കഴിഞ്ഞിട്ടുള്ളു. ഇരിക്കൂറിൽ ഫുഡ്‌സേഫ്‌റ്റി ഓഫീസറുടെ കസേര കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയുമാണ്.

എങ്ങുമെത്താതെ ലാബ് നിർമ്മാണം

ഭക്ഷ്യഗുണനിലവാര പരിശോധനയ്ക്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ കൂത്തുപറമ്പ് വലിയവെളിച്ചത്ത് തറക്കല്ലിട്ട ഫുഡ് അനലറ്റിക്കൽ ആൻഡ് റിസർച്ച് ലാബിന്റെ നിർമ്മാണം അവതാളത്തിൽ. 12 കോടിയോളം ചിലവ് വരുന്ന പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ രണ്ടു കോടി രൂപ നീക്കിവെച്ചിരുന്നു. പിന്നീട് പണം കണ്ടെത്താൻ സാധിക്കാത്തത് നിർമ്മാണം തടസപ്പെടാൻ കാരണമായി. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയായിരുന്നു ഇത്. നിർമ്മാണം പൂ‌ർത്തിയായാൽ റിസർച്ച് സെന്റർ ആക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു.

ആകെ മൂ​ന്ന്​ ലാ​ബു​ക​ൾ

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് അനുസരിച്ച് സംസ്ഥാനത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ആകെ മൂ​ന്ന്​ ലാ​ബു​ക​ൾ. തി​രു​വ​ന​ന്ത​പു​രം ഗ​വ. അ​ന​ല​റ്റി​ക്ക​ൽ​ ല​ബോ​റ​ട്ട​റി, എ​റ​ണാ​കു​ള​ത്തെ റീ​ജ​ണൽ അ​ന​ല​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി കാക്കനാട്, ​ റീ​ജ​ണ​ൽ അ​ന​ല​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി കോ​ഴി​ക്കോ​ട് എന്നിവയാണ് അവ. കൂടാതെ ശബരിമല വഴിപാട് സാധനങ്ങൾ പരിശോധിക്കുന്നതിന് പത്തനംതിട്ടയിൽ ജില്ല ഫുഡ് ടെസ്റ്റിംഗ് ലാബും ഉണ്ട്.

പുതിയ ബാച്ചിലെ ആറ് ഫുഡ്‌സേഫ്‌റ്റി ഓഫീസർമാരുടെ ട്രെയ്നിംഗ് 31ന് ആരംഭിക്കും. പൂർണ സജ്ജമായ ലബോറട്ടി ജില്ലക്കുള്ളിൽത്തന്നെ അത്യാവശ്യമാണ്. മൂന്ന് സർക്കിളുകൾക്ക് ഒന്ന് എന്ന കണക്കിന് വാഹനവും ലഭ്യമാകണം.

കെ.പി മുസ്തഫ - അസിസ്റ്റന്റ് കമ്മിഷണർ, ഫുഡ് സേഫ്റ്റി