ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് മുൻ സൈനിക മേധാവി

Monday 09 January 2023 1:52 AM IST

കുരുക്ഷേത്ര:ഹരിയാനയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയിൽ ഇന്നലെ മുൻ കരസേനാ മേധാവി ജനറൽ ദീപക് കപൂർ പങ്കെടുത്തു. ഇദ്ദേഹത്തിനു പുറമെ മുൻ ലഫ്റ്റനന്റ് ജനറൽ ആർ കെ ഹൂഡ, ലഫ്റ്റനന്റ് ജനറൽ വി.കെ നരുല, എ.എം.പി എസ് ഭംഗു, മേജർ ജനറൽ സത്ബീർ സിംഗ് ചൗധരി, മേജർ ജനറൽ ധർമ്മേന്ദർ സിംഗ്, കേണൽ ജിതേന്ദർ ഗിൽ, കേണൽ പുഷ്‌പേന്ദർ സിംഗ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന മുൻ സൈനിക ഉദ്യോഗസ്ഥരും യാത്രയിൽ പങ്ക് ചേർന്നിരുന്നു. കോൺഗ്രസ് എംപി മാണിക്കം ടാഗോർ ഇതിന്റെ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു.

ജനറൽ ദീപക് കപൂർ കരസേനാ മേധാവിയായും ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശനിയാഴ്ച, ഹരിയാനയിൽ നിന്നുള്ള ബോക്സർ വിജേന്ദർ സിങ്ങും യാത്രയിൽ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം പ്രിയങ്ക ഗാന്ധിയുടെ വളർത്തുനായ ലൂണയും ഉണ്ടായിരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്ക് എല്ലായിടത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഭയത്തിനും വിദ്വേഷത്തിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും എതിരെയാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്യാകുമാരിയിൽ നിന്ന് സെ്ര്രപംബറിൽ ആരംഭിച്ച യാത്ര ഈ മാസം അവസാനം ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിക്കും. ഇതിനിടെ, കഴിഞ്ഞ എട്ട് വർഷമായി നിരവധി തിരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ടതിന് ശേഷം ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി കോൺഗ്രസ് ജനസമ്പർക്ക പരിപാടി നടത്താൻ തീരുമാനിച്ചു.