മുതിർന്ന ബിജെപി നേതാവ് കേസരി നാഥ് ത്രിപാഠി അന്തരിച്ചു

Monday 09 January 2023 2:25 AM IST

ലക്നൗ: മുതിർന്ന ബി.ജെ.പി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ വസതിയിൽ വച്ച് ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം.
കൈക്ക് പൊട്ടലും ശ്വാസ തടസ്സവും മൂലം ചികിത്സയിലായിരുന്നു,​ ആറ് തവണ ഉത്തർ പ്രദേശ് നിയമസഭയിൽ അംഗമായിരുന്നു. രണ്ടു വർഷക്കാലം ധനകാര്യ,​ വില്പന നികുതി മന്ത്രിയായിരുന്നു. മൂന്ന് തവണ യു.പി നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം പശ്ചിമ ബംഗാൾ, ബീഹാർ, മേഘാലയ,​മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും ഉത്തർ പ്രദേശിലെ ബി.ജെ.പിയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു.
1934 നവംബർ 10ന് അലഹബാദിലാണ് ജനനം. എഴുത്തുകാരൻ കൂടിയായ ത്രിപാഠി അലഹബാദ് ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും അനുശോചനം രേഖപ്പെടുത്തി.


ഭരണഘടനാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. യുപിയിൽ ബിജെപി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. മോദി ട്വീറ്റ് ചെയ്തു.

Advertisement
Advertisement