വർണക്കാവടികൾ നിറഞ്ഞാടി പൂയ്യ മഹോത്സവം
Monday 09 January 2023 2:04 AM IST
പുതുക്കാട്: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ഷേത്രത്തിലെ പൂയ്യ മഹോത്സവം ഭക്തിസാന്ദ്രം. രാവിലെ അഞ്ചിന് പള്ളി ഉണർത്തലോടെ ക്ഷേത്ര ചടങ്ങുകൾക്ക് തുടക്കമായി. നിർമ്മാല്യം, അഭിഷേകം, പ്രഭാത പൂജകൾ, ഗണപതി ഹോമം, കാവടി പൂജ, നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ എന്നിവയ്ക്കുശേഷം കാഴ്ചശീവേലിയും നടന്നു.
സന്ധ്യക്ക് കാഴ്ചശീവേലി, ദീപാരാധന, ചുറ്റുവിളക്ക്, രാത്രി വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടന്നു. ദേശങ്ങളുടെ ആസ്ഥാനങ്ങളിൽ നിന്നാരംഭിച്ച സെറ്റുകളുടെ കാവടിസംഘങ്ങൾ ഉച്ചയ്ക്കും രാത്രിയിലും ക്ഷേത്ര മൈതാനിയിലെത്തി കൂട്ടയാട്ടം നടത്തി. വിവിധ വാദ്യാഘോഷങ്ങൾക്കൊപ്പം നിശ്ചലദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും കാവടി സെറ്റുകൾക്ക് അകമ്പടിയായി.
എഴുന്നെള്ളത്തിന് ഊട്ടോളി മഹാദേവൻ ഭഗവാന്റെ തിടമ്പേറ്റി. പുലർച്ചെ കൊടിയിറക്കലും മംഗളപൂജയോടെയും ആഘോഷങ്ങൾ സമാപിച്ചു.