ഓസ്ട്രേലിയൻ സ്കൂളുകളിൽ ഇനി പഞ്ചാബി ഭാഷയും
Monday 09 January 2023 6:55 AM IST
കാൻബെറ : ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ പബ്ലിക് സ്കൂളുകളിൽ ഇനി മുതൽ പഞ്ചാബി ഭാഷയും പഠിപ്പിക്കും. 2024ൽ പഞ്ചാബിയെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. സിലബസ് ഈ വർഷം തയാറാക്കും. ഇതോടെ പ്രീപ്രൈമറി മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഞ്ചാബിയെ ഭാഷ ഓപ്ഷനായി തിരഞ്ഞെടുക്കാം. ഓസ്ട്രേലിയയിൽ ഏകദേശം 239,000 പേർ പഞ്ചാബി ഭാഷ ഉപയോഗിക്കുന്നുണ്ടെന്ന് 2021ലെ സെൻസസിൽ കണ്ടെത്തിയിരുന്നു. തമിഴ്, ഹിന്ദി, കൊറിയൻ ഭാഷകളെയും അടുത്ത വർഷം സിലബസിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.