ക്വാറന്റൈൻ ഇല്ല,​ അതിർത്തികൾ തുറന്ന് ചൈന

Monday 09 January 2023 6:56 AM IST

ബീജിംഗ് : 2020 മാർച്ചിന് ശേഷം ആദ്യമായി ചൈനീസ് അതിർത്തികൾ അന്താരാഷ്ട്ര സഞ്ചാരികൾക്കായി പൂർണ്ണമായും തുറന്നുകൊടുത്തു. ഇനി മുതൽ ചൈനയിലെത്തുന്നവർക്ക് ക്വാറന്റൈന്റെ ആവശ്യവുമില്ല. എന്നാൽ 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്. ചുൻ യുൻ എന്നറിയപ്പെടുന്ന ചൈനീസ് ചാന്ദ്ര പുതുവർഷ സീസൺ ആരംഭിച്ച പശ്ചാത്തലത്തിലാണ് യാത്രാവിലക്കുകൾ നീക്കിയത്. ഇതോടെ വിദേശത്തുള്ള ചൈനീസ് പൗരന്മാർക്ക് വൈകാതെ രാജ്യത്തെത്താൻ കഴിയും. ഡിസംബർ വരെ കടുത്ത കൊവിഡ് നയങ്ങളും ലോക്ക്ഡൗണുകളും നിലനിന്നിരുന്നതിനാൽ പലർക്കും രാജ്യത്തെത്താൻ അനുവാദമില്ലായിരുന്നു. അതേസമയം,​ തീരുമാനത്തിനു പിന്നാലെ ബീജിംഗ്, ഷിയാമെൻ നഗരങ്ങളിൽ വിമാനടിക്കറ്റ് വില്പന കുതിച്ചുയർന്നു. ഹോങ്കോങ്ങിൽ നിന്ന് മാത്രം ഏകദേശം 400,000 പേർ വരും ആഴ്ചകളിൽ ചൈനയിലേക്ക് യാത്ര നടത്തുമെന്നാണ് കരുതുന്നത്. നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചുൻ യുൻ സീസൺ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ചൈന. ചുൻ യുൻ അവധിയാഘോഷത്തിന്റെ ഭാഗമായി ഏകദേശം രണ്ട് ബില്യൺ യാത്രകളാണ് ഇക്കൊല്ലം ചൈനയിൽ പ്രതീക്ഷിക്കുന്നത്. ജനുവരി 22നാണ് ചൈനീസ് പുതുവർഷ ദിനം. അതേ സമയം, അതിർത്തികൾ കൂടി തുറന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഉയർന്ന കൊവിഡ് വ്യാപന നിരക്ക് വർദ്ധിക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു.

 ചുൻ യുൻ

 ശനിയാഴ്ച മുതൽ ആരംഭിച്ചു

 ലോകത്തെ ഏറ്റവും വലിയ വാർഷിക ദേശാടന സീസൺ

 കാലയളവ് 40 ദിവസം

 സ്പ്രിംഗ് ഫെസ്റ്റിവൽ എന്നും അറിയപ്പെടുന്നു

 ചൈനീസ് ചാന്ദ്രപുതുവർഷ ദിനത്തിന് 15 ദിവസം മുന്നേ ആരംഭിക്കും

 ചുൻ യുൻ സീസണിൽ പുതുവർഷം ആഘോഷിക്കാൻ വിദേശത്ത് നിന്നടക്കം ലക്ഷക്കണക്കിന് ചൈനക്കാർ തങ്ങളുടെ ബന്ധുക്കൾക്കരികിലേക്ക് യാത്ര നടത്തുന്നു

 ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ

 ചൈനീസ് ചാന്ദ്ര കലണ്ടർ പ്രകാരം 12 വർഷങ്ങൾ ചേരുന്നതാണ് ഒരു രാശിചക്രം. ഈ 12 വർഷങ്ങളെയും 12 മൃഗങ്ങൾ പ്രതിനിധീകരിക്കുന്നു. ഇപ്രകാരം 2023നെ പ്രതിനിധാനം ചെയ്യുന്ന മൃഗം മുയൽ ആണ്

 താളംതെറ്റി ആശുപത്രികൾ

ചൈനയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെ ആരോഗ്യപ്രവർത്തകർ കടുത്ത സമ്മർദ്ദത്തിൽ. ജീവനക്കാരുടെയും മരുന്നുകളുടെയും കുറവ് രോഗികളാൽ തിങ്ങിനിറയുന്ന ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. അടിയന്തര ശസ്ത്രക്രിയകളെയും ബാധിക്കുന്നു. കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ പ്രത്യേക നിയന്ത്രണങ്ങളില്ല. വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടർമാരും നഴ്സുമാരും പതിവ് പോലെ ജോലി ചെയ്യാനും നിർബന്ധിതരാകുന്നു.

Advertisement
Advertisement