തായ്‌ രാജകുമാരി അബോധാവസ്ഥയിൽ തുടരുന്നു

Monday 09 January 2023 7:15 AM IST

ബാങ്കോക്ക്: ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നത്തെ തുടർന്ന് മൂന്നാഴ്ചയിലേറെയായി ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള തായ്‌ലൻഡ് രാജകുമാരി ബജ്രകിത്യാഭ മഹിഡോൽ (44 )​ അബോധാവസ്ഥയിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

മയോപ്ലാസ്മ അണുബാധയ്ക്ക് പിന്നാലെയുണ്ടായ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്ന ഹാർട്ട് അറിത്‌മിയ അവസ്ഥയാണ് രാജകുമാരിക്കെന്ന് അധികൃതർ ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രാജകുമാരിയുടെ ജീവൻ നിലനിറുത്തുന്നത്.

തായ്‌ലൻഡ് രാജാവ് വജീറലോംഗ്‌കോണിന്റെയും ആദ്യ ഭാര്യ സോംസവാലിയുടെയും ഏക മകളായ ബജ്രകിത്യാഭ ഡിസംബർ 15ന് ഖാനോ യായ് നാഷണൽ പാർക്കിൽ മിലിട്ടറി ഡോഗ് ട്രെയിനിംഗ് സെക്ഷനിടെ തന്റെ വളർത്തുനായകൾക്കൊപ്പം ഓടുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

'പ്രിൻസസ് ഭാ" എന്നറിയപ്പെടുന്ന ബജ്രകിത്യാഭയ്ക്ക് വജീറലോംഗ്‌കോണിന് ശേഷം കിരീടാവകാശികളുടെ നിരയിൽ തൊട്ടടുത്ത സ്ഥാനമാണ്. അഭിഭാഷകയും നയതന്ത്രജ്ഞയുമാണ് ബജ്രകിത്യാഭ.