വാനുവാറ്റു തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

Monday 09 January 2023 7:15 AM IST

സിഡ്നി: പസഫിക് ദ്വീപ് രാജ്യമായ വാനുവാറ്റു തീരത്ത് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലന പ്രഭവ കേന്ദ്രത്തിന്റെ 300 കിലോമീറ്ററിനുള്ളിലെ തീരങ്ങളിൽ പസഫിക് സുനാമി വാർണിംഗ് സെന്റർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 280,000ത്തിലേറെ പേർ താമസിക്കുന്ന വാനുവാറ്റുവിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6 മണിയോടെ കടലിൽ 27 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. വാനുവാറ്റുവിലെ പോർട്ട് - ഓൽറി ഗ്രാമത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണിത്.

0.3 മുതൽ ഒരു മീറ്റർ വരെയോ അതിന് മുകളിലോ ഉള്ള സുനാമിത്തിരകൾ വാനുവാറ്റു തീരത്ത് ആഞ്ഞടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂ കാലഡൊണിയ, സോളമൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ 0.3 മീറ്ററിൽ താഴെയുള്ള തിരകൾക്കും സാദ്ധ്യതയുണ്ട്.

ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതാ മേഖലയായ പസഫിക് റിംഗ് ഒഫ് ഫയറിന്റെ ഭാഗമാണ് വാനുവാറ്റു. വാനുവാറ്റുവിന്റെ വടക്കുള്ള സോളമൻ ഐലൻഡ്സിൽ കഴിഞ്ഞ നവംബറിൽ 7.0 തീവ്രതയിലെ ഭൂകമ്പമുണ്ടായെങ്കിലും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായില്ല.