''എന്നെ സ്ഥാനങ്ങളിൽ എത്തിക്കുകയും വളർത്തുകയും ചെയ‌്തത് കോൺഗ്രസ്'', സുകുമാരൻ നായർക്ക് മറുപടിയില്ലെന്ന് രമേശ് ചെന്നിത്തല

Monday 09 January 2023 12:20 PM IST

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിമർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ വളർത്തിയതും, തനിക്ക് സ്ഥാനമാനങ്ങൾ തന്നതും കോൺഗ്രസ് പാർട്ടിയാണെന്നും, കഴിഞ്ഞ 45 വർഷക്കാലമായി പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും കോൺഗ്രസിന്റെ മതേതര നിലപാട് മാത്രമേ താൻ ഉയ‌ർത്തിപ്പിടിച്ചിട്ടുള്ളൂവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

കോൺഗ്രസ് പാർട്ടിയോട് മാത്രമാണ് തനിക്ക് ഏറ്റവും വലിയ ഉത്തരവാദിത്തം. സുകുമാരൻ നായർ പറഞ്ഞതിനോട് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തലയുടെ വാക്കുകൾ-

''കോൺഗ്രസ് പാർട്ടി എന്നും ഉയർത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. കഴിഞ്ഞ 45 വർഷക്കാലമായി പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ഞാൻ ആ മതേതര നിലപാടേ ഉയർത്തിപ്പിടിച്ചിട്ടുള്ളൂ. അതിൽ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമേ ഉണ്ടാകുന്നില്ല. എന്നെ സ്ഥാനങ്ങളിൽ എത്തിക്കുകയും വളർത്തുകയും ചെയ‌്തത് കോൺഗ്രസ് പാർട്ടിയാണ്. പാർട്ടിയോട് മാത്രമാണ് എനിക്ക് ഏറ്റവും വലിയ ഉത്തരവാദിത്തം. സുകുമാരൻ നായർ പറഞ്ഞതിനോട് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല''.

കഴിഞ്ഞ ദിവസമാണ് ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയ‌്ക്കുമെതിരെ സുകുമാരൻ നായർ കടുത്ത വിമർശനം ഉന്നയിച്ചത്. വിഡി സതീശനോട് സമുദായം പൊറുക്കില്ല. സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയ നേതാക്കൾ കിടക്കുമെന്ന സതീശന്റെ പ്രസ്‌താവന സമുദായത്തെ അപമാനിക്കലാണ്. രമേശ് ചെന്നിത്തലയും സതീശനും ഒരേ തൂവൽപ്പക്ഷികളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോൽക്കാൻ കാരണമെന്നായിരുന്നു സുകുമാരൻ നായരുടെ വിമർശനം.