ഇരട്ടക്കൊലപാതക കേസിൽ മുങ്ങിയ പ്രതി 17 വർഷങ്ങൾക്ക് ശേഷം അകത്തായി

Tuesday 10 January 2023 6:37 AM IST

പൂക്കോട്ടുംപാടം: തമിഴ്‌നാട് നാഗർകോവിലിൽ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ 17 വർഷങ്ങൾക്ക് ശേഷം മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് അറസ്റ്റിലായി. തമിഴ്‌നാട് തിരുനെൽവേലി അഴകിയ പാണ്ടിപുരം സ്വദേശി റഷീദാണ് (48)​ അറസ്റ്റിലായത്. പൂക്കോട്ടുംപാടം ചുള്ളിയോടു നിന്ന് വിവാഹം കഴിച്ച് കുടുംബമായി താമസിച്ചുവരികയായിരുന്നു.

2005-ൽ നാഗർകോവിലിൽ ഭൂതപാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം.രണ്ട് മുതലാളിമാർ തമ്മിലുള്ള ബിസിനസ് തർക്കത്തിന്റെ പേരിൽ ഒരു വിഭാഗം എതിർവിഭാഗത്തിലെ രണ്ടുപേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇവയിലൊന്നിൽ മൂന്നാം പ്രതിയും രണ്ടാമത്തേതിൽ ആറാംപ്രതിയുമായ റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഇയാൾ മുങ്ങുകയായിരുന്നു. ശേഷം മലപ്പുറത്തെത്തിയ പ്രതി ചുള്ളിയോടു നിന്ന് വിവാഹം കഴിച്ചു. ടാപ്പിംഗ് ജോലി ചെയ്തിരുന്ന ഇയാൾ ഇതിനിടെ ജോലി തേടി വിദേശത്തേക്ക് പോയി. അടുത്തിടെയാണ് തിരിച്ചെത്തിയത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് പൂക്കോട്ടുംപാടം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. ഭൂതപാണ്ടി പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൂക്കോട്ടുംപാടത്തെത്തി പ്രതിയെ ഏറ്റുവാങ്ങി.