വിദേശ സർവകലാശാലകൾ സ്വാഗതാർഹം . ശശി തരൂർ.

Tuesday 10 January 2023 12:56 AM IST

കോട്ടയം . തൊഴിലധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുന്ന ഉന്നത നിലവാരമുള്ള സർവകലാശാലകൾ കേരളത്തിൽ ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് ശശി തരൂർ എം പി പറഞ്ഞു. ബിഷപ്പ് മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സി എം എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടന്ന ബിഷപ്പ് മാണി സ്മാരക പ്രഭാഷണവും ബിഷപ്പ് മാണി കൊമറേറ്റീവ് ലക്ചർ സീരിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളുടെ സാന്നിധ്യം സ്വീകാര്യമാണെന്നും വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ച കേന്ദ്രസർക്കാർ നയത്തെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായിരുന്ന ബെഞ്ചമിൻ ബെയ്‌ലി രചിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടുവിന്റെ കോപ്പിയും മഹാത്മാഗാന്ധി കോളേജ് സന്ദർശിച്ചപ്പോൾ പ്രിൻസിപ്പലിന് നൽകിയ കത്തിന്റെ പകർപ്പും ശശി തരൂരിന് കൈമാറി. കോളജ് പ്രിൻസിപ്പൽ വർഗീസ് സിജോഷ്വാ മുഖ്യാതിഥിയായിരുന്നു.