തിരുവല്ലത്തെ പാലം പ്രഖ്യാപനത്തിൽ മാത്രം

Tuesday 10 January 2023 1:59 AM IST

വിഴിഞ്ഞം: നഗരത്തിൽനിന്ന് കോവളം,​ പാച്ചല്ലൂർ, ഭാഗത്തേക്ക് നിരവധി വാഹനങ്ങളാണ് ദിവസവും എത്തുന്നത്. ഇവിടെ ബൈപാസ് റോഡ് നിർമ്മിച്ചപ്പോൾ പഴയപാലം നിലനിറുത്തിയിരുന്നു. തിരുവല്ലം ജംഗ്ഷനിലെ അശാസ്ത്രീയ റോഡുനിർമാണം കാരണം അപകടങ്ങൾ പെരുകിയതോടെ പഴയപാലം പൊളിച്ച് പുതിയതു പണിയുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നിർമ്മാണം നീണ്ടുപോവുകയായിരുന്നു. തിരുവല്ലത്തെ പുതിയപാലം പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ ബൈപ്പാസിൽ അപകടങ്ങളും പെരുകാൻ തുടങ്ങി. കോവളം ഭാഗത്തുനിന്നും പാച്ചല്ലൂർ ഭാഗത്തുനിന്നുമായി വരുന്ന വാഹനങ്ങൾ തിരുവല്ലം ജംഗ്ഷനിൽ എത്തുമ്പോൾ കുമരിച്ചന്ത ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളുമായി പലപ്പോഴും കൂട്ടിയിടിച്ച് അപകടം ഉണ്ടാകാറുണ്ട്.

പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ ദേശീയപാത അതോറിട്ടിയോട് ആവശ്യപെട്ടിരുന്നെങ്കിലും നടന്നില്ല. അപകടങ്ങൾ വർദ്ധിച്ചതോടെ 2019ലാണ് ഇവിടെ സർവീസ് പാലം പണിയുമെന്ന് ദേശീയപാത അതോറിട്ടി പറഞ്ഞത്. എന്നാൽ 4 വ‌ർഷം കഴിഞ്ഞിട്ടും പ്രാരംഭനടപടികൾ പോലും ആയില്ല. പദ്ധതിപ്രകാരം തിരുവല്ലം ആറിന് കുറുകെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയപാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിക്കുക. 5.5 മീറ്റർ വീതിയിലാകും പാലം. സർവീസ് റോഡും രണ്ട് മീറ്റർ വീതിയിൽ ഫുട്പാത്തും പാലത്തിലുണ്ടാകും. പരശുരാമ സ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള റോഡ് അതേപടി നിലനിറുത്തും. പാലത്തിന്റെ ഭാഗമായി പുതിയ സർവീസ് റോഡ് വരുന്നതോടെ അമ്പലത്തറയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പഴയ പാലത്തിൽ പ്രവേശിക്കാതെ തന്നെ തിരുവല്ലം ജംഗ്ഷനിൽ എത്താനാകും.

 അപകടങ്ങൾ പതിവ്

ബൈപാസ് റോഡ് വന്നതോടെ തിരുവല്ലത്ത് ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നിരന്തരം നടക്കുകയാണ്. ഇതിലവസാനത്തേതാണ് ഞായറാഴ്‌ച അർദ്ധരാത്രി മീൻകയറ്റിവന്ന ലോറി ഇടിച്ച് വിഴിഞ്ഞം സ്വദേശിയായ ഹാരിസ് ഖാൻ (23) മരിച്ചത്. അശാസ്ത്രീയമായ റോഡ് നിർമാണവും ഇവിടത്തെ വെളിച്ചക്കുറവും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കുമരിച്ചന്ത ഭാഗത്തുനിന്ന് തിരുവല്ലം ജംഗ്ഷനിലേക്ക് പോകുന്ന നാലുവരിപ്പാതയോടു ചേർന്നുള്ള സർവീസ് റോഡ് തിരുവല്ലം ഇടയാറിലെ മൂന്നാറ്റുമുക്ക് റോഡിലാണ് ചേരുന്നത്.

വഴിയറിയാതെ യാത്രക്കാർ

കുമരിച്ചന്ത, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവല്ലം ബൈപാസിലെ വൺവേയായ രണ്ടുവരിപ്പാതയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. വെള്ളായണി, വെങ്ങാനൂർ, പാച്ചല്ലൂർ, കരുമം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ജംഗ്ഷനിലെത്തി വൺവേയായ ബൈപാസ് കടന്നാണ് അമ്പലത്തറ ഭാഗത്തേക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങൾ പോകുന്നതും ഇതുവഴിത്തന്നെ. തിരുവല്ലം പരിചയമില്ലാത്ത വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ എങ്ങോട്ടു തിരയണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.