ജനാധിപത്യ മഹിളാ അസോസിയേഷൻ: പി.കെ. ശ്രീമതി ദേശീയ പ്രസിഡന്റ്

Tuesday 10 January 2023 4:19 AM IST

■കാൽ നൂറ്റാണ്ടിന് ശേഷം തലപ്പത്ത് മലയാളി

തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി മുൻ മന്ത്രിയും,മുൻ എം.പിയും,സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ

പി.കെ ശ്രീമതി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി മറിയം ധാവ്ളെയും, ട്രഷററായി എസ്. പുണ്യവതിയും തുടരും.

1998ൽ സുശീലാ ഗോപാലൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് കാൽ നൂറ്റാണ്ടിനു ശേഷമാണ് ഒരു മലയാളി ജനാധിപത്യ മഹിളാ അസോസിയേഷന്റെ തലപ്പത്തെത്തുന്നത്. പ്രസിഡന്റായിരുന്ന മാലിനി ഭട്ടാചാര്യ മൂന്നു ടേം തികച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 103 അംഗ കേന്ദ്ര നിർവഹണ സമിതിയെയും 34 അംഗ സെക്രട്ടേറിയറ്റിനെയും ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് കെ.കെ ശൈലജ, പി. സതീദേവി, സൂസൻ കോടി, പി.കെ സൈനബ എന്നിവർ ഉൾപ്പെടെ 15 വൈസ് പ്രസിഡന്റുമാരും സി.എസ് സുജാത, എൻ. സുകന്യ എന്നിവർ ഉൾപ്പെടെ ഒൻപത് ജോയിന്റ് സെക്രട്ടറിമാരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമൻ, ജഹനാര ഖാൻ, കീർത്തി സിംഗ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബർമ, ജഗ്മതി സാങ്വാൻ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. കൃഷ്ണ രക്ഷിത്, രമാ ദേവി, താപസി പ്രഹരാജ്, ഝർണാ ദാസ്, കനിനിക ഘോഷ്, ആശാ ശർമ, പി. സുഗന്ധി എന്നിവർ ജോയിന്റ് സെക്രട്ടറിമാരും, മധു ഗാർഗ്, നിയതി ബർമൻ, ടി. ദേവി, മല്ലു ലക്ഷ്മി, സവിത, പ്രാചി ഹത്വേക്കർ, അർച്ചന പ്രസാദ് എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിമാരുമാണ്.