പാർശ്വഭിത്തികൾ ഇടിഞ്ഞുതാഴുന്നു; കീഴല്ലൂർ ഡാം ഭീഷണിയിൽ

Monday 09 January 2023 9:45 PM IST

മമ്പറം: കീഴല്ലൂർ ഡാമിനോട് ചേർന്ന് ഇരുവശങ്ങളിലുള്ള പാർശ്വഭിത്തികൾ ഇടിഞ്ഞു താഴുന്നത് കുടിവെള്ള വിതരണത്തിന് കടുത്ത ഭീഷണിയാകുന്നു. പൂർണമായും കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഭിത്തികളുടെ തകർച്ച സമീപത്തെ മാവിലകൊവ്വൽ പുഴയോര റോഡിനും ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഭിത്തികളുടെ തകർച്ച കൂടുതലാവുകയാണ്. കാലക്രമേണ ഡാമിന്റെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന തരത്തിലാണ് പാർശ്വഭിത്തികൾ തകരുന്നത്.

തലശ്ശേരി -മാഹി ഭാഗങ്ങളിലേക്ക് ശുദ്ധജല വിതരണം നടത്തുന്നത് കീഴല്ലൂർ ഡാമിൽ നിന്നുമാണ്. ഈ ഡാമിന്റെ പ്രധാന ഭാഗങ്ങളിലാണ് കരിങ്കൽ ഭിത്തികൾ ഇടിഞ്ഞു വീഴുന്നത്. ഡാമിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഭിത്തിയുടെ തകർച്ച കാണുന്നുണ്ടെങ്കിലും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികളൊന്നും തന്നെ ചെയ്യുന്നില്ല. ഡാമിനോട് ചേർന്നുള്ള പുഴയിലേക്ക് ഇറങ്ങുന്ന കല്ലുക്കെട്ടുകൾ ഇടിഞ്ഞ് വീണ നിലയിലാണുള്ളത്. ഭിത്തികളുടെ തകർച്ച കൂടുംതോറും റോഡിന്റെ സുരക്ഷയ്ക്കും ഏറെ ഭീഷണിയാവും. പുഴയോട് ചേർന്ന റോഡായതിനാൽ കരയിടിച്ചിൽ വേഗത്തിലാവുന്നതിനുള്ള സാദ്ധ്യതയും ഏറെ. ഡാമിന്റെ ഇരുവശങ്ങളിലുമുള്ള ഭിത്തികളുടെ തകർന്ന കരിങ്കല്ലുകൾ പുഴയിൽ ഉയർന്ന നിലയിലാണുള്ളത്. ഭിത്തിയുടെ സംരക്ഷണം വേഗത്തിൽ നടത്തണമെന്നും ഡാമിന്റെയും റോഡിന്റെയും അപകടഭീഷണി അകറ്റണമെന്നുമാണ് നാട്ടുകാർ പറയുന്നത്.

പമ്പിംഗ് സ്റ്റേഷന്റെ നവീകരണം പാതിവഴിയിൽ

കീഴല്ലൂരിലെ പമ്പിംഗ് സ്റ്റേഷനും മയിലാടിയിലെ ശുദ്ധീകരണ കേന്ദ്രവും നവീകരണം തേടുകയാണ്. 1971 ൽ കമ്മീഷൻ ചെയ്ത് പ്രവർത്തനം തുടങ്ങിയ ജലവിതരണ കേന്ദ്രം അരനൂറ്റാണ്ട് പിന്നിട്ടിട്ടും കാതലായ നവീകരണം ഒന്നും നടന്നില്ല. നിലവിൽ പതിനായിരത്തിലധികം ഉപഭോക്താക്കളുണ്ട്. ജല വിതരണ കേന്ദ്രത്തിനും ശുദ്ധീകരണ യൂനിറ്റിനും അനുബന്ധ ഓഫീസുകൾക്കും കാലാനുസൃതമായ നവീകരണം നടക്കാതായി. ജനറേറ്റർ, മോട്ടോറുകൾ തുടങ്ങി നിരവധി ഇരുമ്പുപകരണങ്ങൾ കാലങ്ങളായി വെറുതെ കിടന്നു തുരുമ്പു കയറി നശിക്കുകയാണ്. പദ്ധതി പ്രദേശമാകെ കാടുകയറിക്കിടക്കുന്ന സ്ഥിതിയാണ്. ജലസംഭരണിയുടെ ചോർച്ച പൂർണമായും തടയാനും കഴിഞ്ഞിട്ടില്ല.

ടെൻഡറിലും ഗുണമില്ല

അതേസമയം മയിലാടിയിലെ ശുദ്ധീകരണ കേന്ദ്രത്തിൽ നവീകരണത്തിനായി 60 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ടെൻഡർ ആയിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഒന്നും തുടങ്ങിയിട്ടില്ല. ശുദ്ധീകരണ ഉപകരണങ്ങൾ, ഫിൽറ്റർ ബെഡുകൾ എന്നിവ മാറ്റി സ്ഥാപിക്കൽ ഉൾപ്പെടെ പ്രവൃത്തികൾ ഇതിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്. ആറ് ഷട്ടറുകളുള്ള കീഴല്ലൂരിലെ ജലസംഭരണിയുടെ ചോർച്ച പൂർണമായും അടക്കാൻ കഴിഞ്ഞിട്ടില്ല. പാലത്തിന്റെ അടിയിൽ സ്ഥാപിച്ച ഷട്ടറുകൾ ചേരുന്ന ഭാഗത്തെ സിമന്റ് തേപ്പുകൾ അടർന്നുമാറിയ നിലയിലാണ്. ഷട്ടറിട്ടാലും വലിയ തോതിൽ വെള്ളം ഒഴുകിപ്പോകും. പാലത്തിന്റെ തൂണുകൾക്കിടയിലൂടെയും വെള്ളം പുറത്തേക്ക് പോകുന്നുണ്ട്.