അർബൻ നിധി തട്ടിപ്പ് : അസി.ജനറൽ മാനേജർ കീഴടങ്ങി,​ ഡയറക്ടർമാരെ കസ്റ്റഡിയിൽ വാങ്ങി

Monday 09 January 2023 10:01 PM IST

കണ്ണൂർ:നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂർ അർബൻ നിധി ലിമിറ്റഡ് അസി. ജനറൽ മാനേജർ കോടതിയിൽ കീഴടങ്ങി. കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ ആദികടലായി വട്ടംകുളത്തെ സി.വി.ജീനയെ റിമാൻഡ് ചെയ്തു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

നേരത്തെ അറസ്റ്റിലായ കമ്പനി ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി , തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം.ഗഫൂർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ കോടതി കസ്റ്റഡിയിൽവിട്ടു. തെളിവെടുപ്പിനായി ആറ് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. ഏഴ് ഡയറക്ടർമാരും രണ്ട് മാനേജർമാരും ഉൾപ്പെടെ 9 പ്രതികൾക്കെതിരെയാണ് നിലവിൽ കേസുള്ളത്. ഇവർക്ക് പുറമെ ഡയറക്ടറായ ആന്റണി, ജനറൽ മാനേജർ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവരെ തിരച്ചറിഞ്ഞിട്ടുണ്ട്.

തുലഞ്ഞത് ആയിരത്തോളം പേരുടെ സമ്പാദ്യം

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ആയിരത്തോളം പേരാണ് കമ്പനിയിൽ പണം നിക്ഷേപിച്ചത്. ഇരുന്നൂറിന് മുകളിൽ പരാതികൾ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ മാത്രം വന്നു.വാഗ്ദാനം ചെയ്ത 12 ശതമാനം പലിശയും മുതലും കിട്ടാതെ വന്നപ്പോഴാണ് പണം നിക്ഷേപിച്ചവർ പരാതിയുമായി വന്നത്. ഇതേത്തുടർന്ന് കണ്ണൂർ നഗരത്തിൽ പ്ളാസ ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടത്തിയ റയ്ഡിൽ ആയിരത്തോളം ഫയലുകളും അമ്പതിലതികം കമ്പ്യൂട്ടറുകളും ഇരുപത്തിയഞ്ചോളം ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു.ഫയൽ പരിശോധന ആരംഭിച്ചു. എന്നാൽ പാസ്‌വേഡ് അറിയാത്തതിനാൽ കമ്പ്യൂട്ടർ തുറന്ന് പരിശോധിക്കാൻ സാധിച്ചില്ല. ജീനയെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ വരും ദിവസങ്ങളിൽ അവ പരിശോധിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.