കൗതുകമായി പെരുംകടന്നൽ കൂട്

Tuesday 10 January 2023 2:07 AM IST

തിരുവനന്തപുരം: മനുഷ്യരെ മാരകമായി ആക്രമിക്കുന്ന പെരുംകടന്നലിന്റെ കൂട് കടന്നലിനെ തുരത്തിയശേഷം കണ്ടെടുത്തു.വെള്ളായണി ദേവീക്ഷേത്രത്തിന് സമീപത്തെ ഒരു പുരയിടത്തിലെ മരങ്ങൾക്കിടയിലാണ് പെരും കടന്നലുകൾ കൂടുവച്ചിരുന്നത്.കൂട് കത്തിക്കാതെ കടന്നലുകളെ തന്ത്രപരമായി ഒഴിപ്പിച്ചശേഷം നാട്ടുകാരനായ മണി ഗ്രേസസ് എന്ന കർഷകൻ കൂടിന് ഒരു പോറലും പറ്റാത്ത രീതിയിൽ എടുക്കുകയായിരുന്നു.കടന്നലുകളെ തുരത്തുന്നതിനിടയിൽ ഇദ്ദേഹത്തിന് ചെറിയതോതിൽ കുത്തേറ്റു.ഈയിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുംകടന്നൽ കുത്തേറ്റ് നിരവധിപേർ മരണമടഞ്ഞിരുന്നു. ബഹുനില മാളികയോട് സാദൃശ്യമുള്ളതാണ് കൂട്. മരങ്ങളുടെ മുകളിലാണ് ഇത്തരം കടന്നലുകൾ കൂടുവയ്ക്കുന്നത്.പെരുംകടന്നൽ ഭീഷണിയുണ്ടാകുമ്പോൾ ഫയർഫോഴ്സോ വനംവകുപ്പോ കൂട് അഗ്നിക്കിരയാക്കുകയാണ് പതിവ്.