അനാച്ഛാദനം ഇന്ന് വൈകീട്ട് തളിപ്പറമ്പ് തൃച്ചംബരത്ത് ; ധീരജിന് സ്മാരകം പൂർത്തിയായി
പയ്യന്നൂർ : ഇടുക്കിയിലെ എൻജിനീയറിംഗ് കോളേജ് കാമ്പസിൽ കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ രക്തസാക്ഷി സ്മാരക സ്തൂപം പൂർത്തിയായി. പ്രശസ്ത ശിൽപി ഉണ്ണികാനായിയാണ് 14 അടി ഉയരത്തിലും 5 അടി വീതിയിലും ഗ്രാനൈറ്റിൽ തീർത്ത സ്തൂപം രൂപകൽപ്പന ചെയ്തത്. ഇന്ന് വൈകീട്ട് നാലിന് തളിപ്പറമ്പിൽ നടക്കുന്ന ധീരജ് രക്തസാക്ഷി ദിനാചരത്തോടനുബന്ധിച്ച് തൃച്ചംബരത്ത് സി പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്തൂപം അനാച്ഛാദനം ചെയ്യും.
പഠിക്കാൻ മിടുക്കനായ ഒരു കുടുംബത്തിന്റെ ആകെ പ്രതീക്ഷയായ ധീരജിന്റെ ഓർമ്മ കുടീരമായിട്ട് രക്തസാക്ഷി സ്തൂപം മാറണം എന്ന ചിന്തയിലാണ് സ്തൂപം രൂപകല്പന ചെയ്യുമ്പോൾ ആഗ്രഹിച്ചതെന്ന് ശില്പി ഉണ്ണികാനായി പറഞ്ഞു.ലോഹ പീഠത്തിൽ ഉറപ്പിച്ച പുസ്തകത്തിൽ നിന്ന് ഉയർത്തി പിടിച്ച ദീപശിഖയിലെ അഗ്നിജ്വാലയിൽ നിന്ന് ഉയർന്ന് എഴുന്നേൽക്കുന്ന ധീരജിനെ ഗ്രാനൈറ്റിൽ പകർത്തിയിട്ടുള്ളത്.
1200 ഇഷ്ടികയും സിമന്റും നൈറ്റ് സ്റ്റീൽ എന്നിവ ഉപയോഗിച്ച് രണ്ട് മാസം സമയമെടുത്താണ് ഉണ്ണി കാനായി സ്മാരകസ്തൂപം പൂർത്തിയാക്കിയത്. സഹായികളായി സുരേഷ് അമ്മാനപ്പാറ , ബിജു കൊയക്കീൽ , ഷാജി ഇരിണാവ്, സുമിത്രൻ ചന്തപ്പുര ,പി.രാജീവൻ നണിശ്ശേരി , ശ്രീകുമാർ അമ്മാനപ്പാറ എന്നിവരും ഉണ്ടായിരുന്നു.
ഇടുക്കി വട്ടവട അഭിമന്യൂ രക്തസാക്ഷി സ്തൂപം രൂപകല്പന ചെയ്തതും കേരളാ ലളിതകലാ അക്കാഡമി മെമ്പർ കൂടിയായ ഉണ്ണികാനായിയാണ്.