ഹണിട്രാപ് : ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആലപ്പുഴ: ഹണിട്രാപ് കേസിൽ വിദേശത്ത് ഒളിവിൽപ്പോയ മുഖ്യപ്രതി പിടിയിലായി. പത്ത് ലക്ഷംരൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻ കവല ഭാഗത്തെ ഹോം സ്റ്റേ ഉടമയെ തൃശൂർ ജില്ലയിലെ മാള, ചെറുതുരുത്തി എന്നീ സ്ഥലങ്ങളിൽ താമസിപ്പിച്ച് മർദ്ദിച്ച കേസിലെ രണ്ടാം പ്രതിയായ തൃശൂർ താന്ന്യം പഞ്ചായത്ത് കല്ലിങ്ങൽ വീട്ടിൽ സൽമാൻ (28) ആണ് പിടിയിലായത്. വിദേശത്തേയ്ക്ക് കടന്ന പ്രതിക്കെതിരെ മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വിദേശത്തുനിന്ന് മടങ്ങിവരുന്നവഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി സി.ഐ പി.കെ.മോഹിത്, പ്രിൻസിപ്പൽ എസ്.ഐ കെ.ആർ.ബിജു , സി.പി.ഒ ഷിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.