കുടുംബകോടതിക്ക് മുമ്പിൽ വിവാഹ മോചന നടപടികൾക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു
ഒറ്റപ്പാലം: ഒറ്റപ്പാലം കുടുംബകോടതിക്ക് മുമ്പിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്കെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശ്ശേരി കരുവാൻപുരക്കൽ സുബിതക്കാണ്(24) വെട്ടേറ്റത്. ഭർത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്പിൽ രഞ്ജിത്ത് (32) കൃത്യത്തിന് ഉപയോഗിച്ച ആയുധവുമായി ഒറ്റപ്പാലം പൊലീസിൽ കീഴടങ്ങി. ഇന്നലെ രാവിലെ 11 മണിയാടെയാണ് സംഭവം.
ഭർത്താവ് രഞ്ജിത്തുമായി ബന്ധം വേർപ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ശേഷമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കോടതിക്ക് പുറത്ത് കാത്തു നിന്ന രഞ്ജിത്ത് പുറത്തിറങ്ങിയ യുവതിയുമായി തർക്കം ഉണ്ടാവുകയും തുടർന്ന് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മടവാൾ ഉപയോഗിച്ച് യുവതിയെ വെട്ടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കൈകളിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
വലത് കൈയ്യിന്റെ നടുവിരലിനും ഇടത് കൈയ്യിന്റെ തള്ളവിരലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് ശേഷം രഞ്ജിത്ത് പൊലീസ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് രഞ്ജിത്ത് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഒരു മാസത്തോളമായി സുബിത മീറ്റ്നയിലുള്ള മറ്റൊരു യുവാവിനൊപ്പമാണ് താമസം. സംഭവം നടക്കുമ്പോൾ യുവാവും കൂടെ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.