അർത്തുങ്കൽ പള്ളിയിൽ മകരം തിരുനാളിന് ഇന്ന് കൊടിയേറും

Tuesday 10 January 2023 1:14 AM IST
അർത്തുങ്കൽ

ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 377-ാമത് മകരം തിരുനാളിന് ഇന്ന് കൊടിയേറും. 27ന് സമാപിക്കും. വൈകിട്ട് 3ന് പാലായിൽ നിന്നു തിരുനാൾ പതാക അർത്തുങ്കൽ ബസിലിക്കയിൽ എത്തിക്കും. 5.30ന് പതാക പ്രയാണം ബീച്ച് കുരിശടിയിൽ നിന്നാരംഭിക്കും.വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശ്വാസികളും വൈദികരും ചേർന്ന് പതാക ദേവാലയത്തിലേക്ക് കൊണ്ടുവരും. വൈകിട്ട് 6.30ന് ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റും. തുടർന്ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ കൊച്ചി രൂപത മെത്രാൻ ഡോ.ജോസഫ് കരിയിൽ മുഖ്യകാർമ്മികനാകും.

18ന് പുലർച്ചെ 5ന് തിരുസ്വരൂപ നടതുറക്കൽ, 5.30ന് ദിവ്യബലിക്ക് ഫാ.പോൾ ജെ.അറയ്ക്കലും വൈകിട്ട് 6ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ.തോമസ് ജെ.നെറ്റോയും കാർമ്മികത്വം വഹിക്കും.

20ന് തിരുനാൾ ദിനം,രാവിലെ 5.30നും 7നും 9നും ദിവ്യബലി,11ന് ആഘോഷമായ ദിവ്യബലിക്ക് തലശേരി അതിരൂപത മെത്രാൻ ഡോ.ജോസഫ് പാംപ്ലാനി കാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 3ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ കാർമ്മികനാകും.വൈകിട്ട് 4.30ന് സെബസ്ത്യനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം കടപ്പുറത്തെ കുരിശടി ചുറ്റി പള്ളിയിൽ സമാപിക്കും.പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.ഫാ.മിൽട്ടൻ കളപ്പുരയ്ക്കൽ കാർമ്മികനാകും. രാത്രി 7നും 9നും 10നും ദിവ്യബലി.എട്ടാമിടമായ 27ന് വൈകിട്ട് 3ന് ആഘോഷമായ സമൂഹബലി, 4.30ന് തിരുനാൾ പ്രദക്ഷിണം, രാത്രി 10.30ന് റെക്ടർ സ്റ്റീഫൻ ജെ.പുന്നയ്ക്കൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും.12ന് തിരുസ്വരൂപ വന്ദനം,നടയടയ്ക്കൽ.തിരുനാൾ ദിനങ്ങളിൽ വിവിധ രൂപതകളിൽ നിന്നായി 5 മെത്രാൻമാരും 100ലധികം വൈദികരും കാർമ്മികരാകും.