ശിശുക്ഷേമ സമിതിക്ക് പുതിയ കെട്ടിടം
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില കെട്ടിടം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിലുള്ള മന്ദിരം അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിർമ്മിച്ചു നൽകിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ, രണ്ട് കൗൺസലിംഗ് മുറികൾ,ആറ് ക്ലാസ് റൂമുകൾ, ലൈബ്രറികൾ,കമ്പ്യൂട്ടർ റൂമുകൾ,മെസ് ഹാൾ,അടുക്കള,ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു,വി.ശിവൻകുട്ടി,മേയർ ആര്യാ രാജേന്ദ്രൻ,അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധികളായ അദീബ് അഹമ്മദ്, ഷഫീന, പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, വനിതാ -ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക .ജി, കൗൺസിലർ മാധവദാസ്, ശിശുക്ഷേമസമിതി സെക്രട്ടറി കെ. ജയപാൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി .വി തുടങ്ങിയവർ പങ്കെടുക്കും.
പുതിയ അമ്മത്തൊട്ടിൽ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാൻ അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷന് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷൻ ചെയർമാനും അബുദാബിയിലെ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഈ മാനുഷിക സംരംഭത്തെ പിന്തുണയ്ക്കാൻ അവസരം നൽകിയ സംസ്ഥാന സർക്കാരിനും ശിശുക്ഷേമ സമിതിക്കും അദീബും ഷഫീനയും നന്ദി അറിയിച്ചു.