പ്രവാസികൾ ഇന്ത്യയുടെ അംബാസഡർമാർ: മോദി
ന്യൂഡൽഹി:ഓരോ പ്രവാസി ഭാരതീയനെയും ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായാണ് താൻ വിളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് 17-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ ഇന്ത്യയുടെ പൈതൃകം, മേക്ക് ഇൻ ഇന്ത്യ, യോഗ, ആയുർവ്വേദം, കുടിൽ വ്യവസായങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ ദേശീയ അംബാസഡർമാരാണ്. അതോടൊപ്പം , ചെറുധാന്യങ്ങളുടെ ബ്രാൻഡ് അംബാസഡർമാരും.. കരുത്താർന്നതും കഴിവുറ്റതുമായ ഇന്ത്യയുടെ ശബ്ദം ആഗോള തലത്തിൽ പ്രതിദ്ധ്വനിപ്പിക്കാൻ കഴിയുന്നതിനാലാണ് ആഗോള അംബാസഡർമാരെന്ന് വിളിക്കുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 നയതന്ത്ര പരിപാടി മാത്രമല്ല. അതിഥി ദേവോ ഭവയെന്ന മനോഭാവത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്ന ചരിത്ര സംഭവമെന്ന നിലയിൽ അത് മാറും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ 200 ലധികം യോഗങ്ങളാണ് നടക്കാൻ പോകുന്നത്.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനത്തോടെ അച്ചടക്കമുള്ള പൗരന്മാരായി പ്രവാസികൾ ജീവിക്കുമ്പോൾ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന അഭിമാനബോധം പല മടങ്ങ് വർദ്ധിക്കുകയാണ്. പ്രവാസി യുവാക്കൾ ആഘോഷ വേളകളിൽ ഇന്ത്യ സന്ദർശിക്കാനും ആസാദി ക അമ്യത് മഹോത്സവ് പരിപാടികളിൽ പങ്കെടുക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. .
വിശിഷ്ടാതിഥികളായ ഗയാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഇർഫാൻ അലി, സുരിനാം പ്രസിഡന്റ് ചന്ദ്രിക പെർസാദ് സന്തോഖി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗവർണ്ണർ മംഗു ഭായ് പട്ടേൽ, വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ, സഹമന്ത്രിമാരായ വി.മുരളീധരൻ, മീനാക്ഷി ലേഖി, ഡോ.രാജ്കുമാർ രഞ്ജൻ സിംഗ് എന്നിവർ പങ്കെടുത്തു.