ഇൻഡിഗോ വിമാനത്തിൽ മദ്യപന്മാരുടെ ബഹളം, രണ്ട് പേരെ അറസ്റ്റ് ചെയ്തു

Tuesday 10 January 2023 1:45 AM IST

ന്യൂഡൽഹി:ഡൽഹിയിൽ നിന്നും പട്നയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാരെ പട്ന എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിൽ കയറുമ്പോൾ തന്നെ മദ്യലഹരിയിലായിരുന്ന സംഘം വിമാനത്തിനുളളിലും മദ്യപാനം തുടർന്നു. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.

വിമാനത്തിൽ മൂന്ന് പേർ ചേർന്ന് മദ്യപിച്ച ശേഷം വിമാന ജീവനക്കാർക്ക് നേരെ അക്രമത്തിന് മുതിരുകയായിരുന്നു. തുടർന്ന് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും വിമാനത്തിനുള്ളിൽ വലിയ ബഹളമുണ്ടാക്കുകയും ചെയ്തതോടെ ജീവനക്കാർ സംഭവം എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു. തുടർന്ന് സി.ഐ.എസ്.എഫ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് എയർ പോർട്ട് പൊലീസിന് കൈമാറി. ഇതിനിടയിൽ മൂന്നാമൻ എയർപോർട്ടിൽ നിന്ന് കടന്ന് കളഞ്ഞു. ഇൻഡിഗോ 6 ഇ - 6383 വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്ര ചെയ്ത 80 മിനിട്ടും ഇവർ വിമാനത്തിൽ മദ്യപിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.