കാറിൽ കുടുങ്ങി മരിച്ച അഞ്ജലിയുടെ വീട്ടിൽ മോഷണം

Tuesday 10 January 2023 1:49 AM IST

ന്യൂഡൽഹി: പുതുവർഷ ദിനത്തിലുണ്ടായ അപകടത്തിൽ കാറിനിടയിൽ കുടുങ്ങി മരിച്ച അഞ്ജലി സിംഗിന്റെ വീട്ടിൽ മോഷണം നടന്നെന്ന ആരോപണവുമായി കുടുംബം. മോഷണത്തിന് പിന്നിൽ അഞ്ജലിയുടെ സുഹൃത്ത് നിധിയാണെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ രാവിലെ കരൺ വിഹാറിലെ വീടിന്റെ പൂട്ട് പൊളിച്ചാണ് എൽ.സി.ഡി ടിവിയടക്കം മോഷ്ടിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ടിവിയും മറ്റ് ചില വീട്ടുപകരണങ്ങളും കാണാനില്ലെന്നും ടിവി വാങ്ങിയിട്ട് രണ്ട് മാസമാകുന്നതെയുള്ളൂവെന്നും അഞ്ജലിയുടെ സഹോദരി പറഞ്ഞു. പൊലിനെതിരെയും കുടുംബാംഗങ്ങൾ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ എട്ട് ദിവസമായി പൊലീസ് വീടിന് മുന്നില്ലായിരുന്നു. മോഷണം നടക്കുമ്പോൾ മാത്രം പൊലീസ് ഇല്ലാതെ പോയത് എന്ത് കൊണ്ടാണെന്നും കുടുംബാംഗങ്ങൾ ചോദിച്ചു. സുഹൃത്ത് നിധിയ്ക്കെതിരെ നേരത്തെയും കുടുംബം ആരോപണമുന്നയിച്ചിരുന്നു. ഇങ്ങനെ ഒരു സുഹൃത്തിനെ അറിയില്ലെന്ന് വ്യക്തമാക്കിയ അവർ അഞ്ജലി മദ്യപിച്ചിരുന്നുവെന്ന നിധിയുടെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. അഞ്ജലി ഒരിക്കലും മദ്യപിച്ചിരുന്നില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കുടുംബം ആരോപിച്ചിരുന്നു. സുഹൃത്ത് നിധി അപകട സ്ഥലത്ത് നിന്നും ഓടിപ്പോയതിനെയും ഉടൻ പൊലീസിൽ വിവരമറിയിക്കാത്തതിനെയും അഞ്ജലിയുടെ പിതൃ സഹോദരൻ പ്രേം വിമർശിച്ചിരുന്നു.