തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തി ചൈന
Tuesday 10 January 2023 6:20 AM IST
ബീജിംഗ് : തായ്‌വാന് ചുറ്റും വീണ്ടും സൈനികാഭ്യാസം നടത്തി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രകോപനം. തായ്‌വാന് ചുറ്റുമുള്ള കടലിലും ആകാശത്തുമാണ് ഈസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ സൈനികാഭ്യാസം നടന്നത്. ചൈനയുടെ നടപടിയെ അപലപിച്ച തായ്‌വാൻ ഏതാനും ചൈനീസ് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിലെ വിഭജന രേഖ മറികടന്നതായി ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ യു.എസ് ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസി ചൈനയുടെ എതിർപ്പ് മറികടന്ന് തായ്‌വാൻ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ തായ്‌വാൻ - ചൈന ബന്ധത്തിൽ വിള്ളലുണ്ടാവുകയും ചൈനീസ് സൈന്യം തായ്‌വാൻ കടലിടുക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്.