ദിനോസറിന്റെ തല,​ പക്ഷിയുടെ ഉടൽ !  ഗവേഷകരെ അമ്പരപ്പിച്ച് വിചിത്രജീവി

Tuesday 10 January 2023 6:20 AM IST

ബീജിംഗ് : ദിനോസറിന്റെ തലയും പക്ഷിയുടെ ശരീരവുമുള്ള വിചിത്ര ജീവിയുടെ ഫോസിൽ കണ്ടെത്തി ചൈനീസ് ഗവേഷകർ. വടക്കൻ ചൈനയിൽ നിന്നാണ് 120 ദശലക്ഷം പഴക്കമുള്ള ഈ ഫോസിൽ കണ്ടെത്തിയത്. ഇന്നത്തെ പക്ഷികളുടെ പരിണാമ പ്രക്രിയയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഈ ഫോസിലിലൂടെ ലഭിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ' ക്രാറ്റൊനാവിസ് ഷുയി " എന്ന് പേരിട്ടിരിക്കുന്ന ഈ ജീവിക്ക് തോളെല്ലും നഖങ്ങളുമുണ്ട്. അസാധാരണമായ വലിപ്പമുള്ള തല ടൈറനോസോറസ് റെക്സ് അഥവാ ടി - റെക്സ് ഉൾപ്പെടെയുള്ള മാംസഭുക്കുകളായ ദിനോസർ സ്പീഷീസുകളുമായി സാമ്യമുള്ളതാണെന്ന് ചൈനീസ് അക്കാഡമി ഒഫ് സയൻസസ് പറയുന്നു. ജീവിയുടെ തല ഗവേഷകർ സി.ടി സ്കാന് വിധേയമാക്കുകയും അതിന്റെ തലയോട്ടിയുടെ രൂപം ഡിജിറ്റലായി പുനർനിർമ്മിക്കുകയും ചെയ്തു. ദിനോസർ കുടുംബത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന ജീവികളായ ആർക്കിയോപ്റ്റെറിക്സ്,​ ഓർണിതോതൊറേസസ് എന്നിവയ്ക്കിടെയിലുള്ള ജീവിയാകാം ഇതെന്ന് കരുതുന്നു.