യു.എസിലെ ആദ്യ വനിതാ സിഖ് ജഡ്ജിയായി ഇന്ത്യൻ വംശജ
Tuesday 10 January 2023 6:21 AM IST
ന്യൂയോർക്ക് : യു.എസിൽ ചുമതലയേൽക്കുന്ന ആദ്യ വനിത സിഖ് ജഡ്ജിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ വംശജ മൻപ്രീത് മോണിക സിംഗ്. ടെക്സസിലെ ഹാരിസ് കൗണ്ടി ലോ നമ്പർ 4 സിവിൽ കോടതിയിലെ ജഡ്ജിയായാണ് മോണിക ചുമതലയേറ്റത്. മോണികയുടെ പിതാവ് 1970ൽ യു.എസിലേക്ക് കുടിയേറിയതാണ്.
യൂണിവേഴ്സിറ്റി ഒഫ് ടെക്സസ്, സൗത്ത് ടെക്സസ് കോളജ് ഒഫ് ലാ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. രണ്ട് ദശാബ്ദമായി അഭിഭാഷക മേഖലയിൽ പ്രവർത്തിക്കുന്ന മോണിക ഭർത്താവ് മൻദീപിനും രണ്ട് മക്കൾക്കുമൊപ്പം ബെല്ലെയറിൽ ആണ് താമസം.
പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി പൗരാവകാശ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.