ഹിജാബ് വിരുദ്ധ പ്രക്ഷോഭം: 3 പേർക്ക് കൂടി വധശിക്ഷ വിധിച്ചു

Tuesday 10 January 2023 6:23 AM IST

ടെഹ്റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മൂന്ന് പേർക്ക് കൂടി വധശിക്ഷ വിധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച കുറ്റത്തിനാണ് നടപടി.

ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ 16ന് ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 17 ആയി. ഇതിൽ നാല് പേരെ തൂക്കിലേറ്റി.

ഇന്നലെ ശിക്ഷിക്കപ്പെട്ടവർക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്. അതിനിടെ, വധശിക്ഷകൾക്കെതിരെ കരാജ് നഗരത്തിലെ ജയിലിന് മുന്നിൽ ഡസൻകണക്കിന് പേർ പ്രതിഷേധം നടത്തി. ഇവിടെ ഉടൻ തൂക്കിലേറ്റാൻ പോകുന്ന രണ്ട് പേരുടെ കുടുംബാംഗങ്ങളും പ്രതിഷേധങ്ങളുടെ ഭാഗമായി.