മദ്ധ്യപ്രദേശിൽ നിന്ന് ഐസിസ് ഭീകരനെ പിടികൂടി, രണ്ട് ദിവസത്തിനിടെയുള്ള മൂന്നാമത്തെ അറസ്റ്റ്

Tuesday 10 January 2023 11:07 AM IST

കൊൽക്കത്ത: ഇസ്ളാമിക് സ്റ്റേറ്റ് ( ഐസിസ്) ഭീകര സംഘടനയുമായി ബന്ധമുള്ളയാൾ പിടിയിൽ. കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ( എസ് ടി എഫ്) ഇന്നലെയാണ് അബ്‌ദുൾ റാഖിബ് ഖുറേഷി (33) എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഐസിസ് അംഗമാണെന്ന് പൊലീസ് പറഞ്ഞു. മദ്ധ്യപ്രദേശിലെ ഖന്ദ്‌വയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഒരു മൊബൈൽ ഫോൺ, പെൻ ഡ്രൈവ്, ചില ലേഖനങ്ങൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. രണ്ട് ഐസിസ് ഭീകരരെ എസ് ടി എഫ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് പിന്നാലെയാണ് മറ്റൊരു ഭീകരൻ പിടിയിലാവുന്നത്. ജനുവരി ആറിന് ഹൗറയിൽ നിന്നാണ് ഐസിസുമായി ബന്ധമുള്ള രണ്ട് ടെക്‌നോളജി ബിരുദധാരികളെ എസ് ടി എഫ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു.

അബ്ദുൾ മാല്ലിക്ക്, സയിദ് അഹ്മദ് എന്നിവരായിരുന്നു പിടിയിലായത്. അബ്ദുൾ മാല്ലിക്ക് എം ടെക് ബിരുദധാരിയാണ്. സയിദ് അഹ്മദ് ഐടി എഞ്ചിനീയറാണ്. ഇയാൾക്ക് ടെക്നോളജി, ഡാർക്ക് വെബ് എന്നിവയിൽ പ്രാവീണ്യം ഉള്ളതായും പൊലീസ് വ്യക്തമാക്കി.ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.