സാമൂഹ്യവിരുദ്ധർ മതിലിടിച്ച് നിരത്തി, സംരക്ഷണം തേടി വൃദ്ധ ദമ്പതികൾ
പാലാ : സാമൂഹ്യവിരുദ്ധർ വീടിന്റെ മതിലിടിച്ച് നിരത്തി. പരാതിപ്പെട്ടെങ്കിലും അധികാരികളിൽ നിന്ന് ഒരു സംരക്ഷണവും കിട്ടാതെ രോഗികളായ വൃദ്ധദമ്പതികൾ. തോടനാൽ കല്ലേപ്പുരയിടത്തിൽ രാമചന്ദ്രനും ഭാര്യ ലൈല രാമചന്ദ്രനുമാണ് തങ്ങളുടെ നിസ്സഹായാവസ്ഥ വിശദീകരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഇവരുടെ പുരയിടത്തോട് ചേർന്ന് കെട്ടിയ മതിൽ സാമൂഹ്യവിരുദ്ധർ ചേർന്ന് ജെ.സി.ബിയ്ക്ക് ഇടിച്ച് തകർത്തതായാണ് പരാതി. കൊഴുവനാൽ പഞ്ചായത്തിലും പാലാ പൊലീസിലും പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. മീനച്ചിൽ വില്ലേജിൽ കൊച്ചുകൊട്ടാരം പാലം ഭാഗത്താണ് രാമചന്ദ്രനും ഭാര്യ ലൈലയും താമസിക്കുന്നത്. മക്കൾ സ്ഥലത്തില്ല. പഞ്ചായത്ത് റോഡുമായി തിരിച്ചിട്ടുള്ള സ്ഥലത്ത് ഇവർ പുതുതായി നാലരയടി ഉയരത്തിൽ പണിത മതിലാണ് 30 ഓളം പേർ ചേർന്ന് ജെ.സി.ബിക്ക് ഇടിച്ച് തകർത്തത്. ഇതുമൂലം ഒന്നരലക്ഷം രൂപയോളം നഷ്ടമുണ്ടായി. എന്നാൽ മതിൽ പൊളിച്ചത് ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്ന് കൊഴുവനാൽ പഞ്ചായത്ത് മെമ്പർ രമ്യാ രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ നിന്ന് കൊഴുവനാൽ പഞ്ചായത്തിൽ നിന്നുമായി കൊച്ചുകൊട്ടാരം - പൂതക്കുഴി റോഡ് നിർമ്മാണത്തിന് 13 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ കല്ലേപ്പുരയിടത്തോട് ചേർന്നുള്ള ഭാഗത്ത് പുതുതായി മതിൽ പണിതത് റോഡിലേക്കിറക്കിയാണെന്ന് പഞ്ചായത്ത് എൻജിനിയർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതേ തുടർന്ന് പഞ്ചായത്ത് അധികാരികൾ സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും ഇത് വകവയ്ക്കാതെ വീട്ടുകാർ അവിടെ മതിൽ പണിത് ഉയർത്തുകയാണ് ചെയ്തത്. വീണ്ടും പഞ്ചായത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അനധികൃതമായി പഞ്ചായത്ത് റോഡിൽ പണിത മതിൽ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വീട്ടുകാർ തയ്യാറായില്ല. തുടർന്ന് നാട്ടുകാർ ഉയർത്തിയ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായാണ് മതിൽ ഇടിച്ചിട്ടതെന്നും ഇവർ പറഞ്ഞു.