ഓസ്കാർ പട്ടികയിൽ പത്ത് ഇന്ത്യൻ ചിത്രങ്ങൾ
2023 ലെ ഓസ്കാർ മത്സരത്തിന് ഇന്ത്യയിൽ നിന്ന് പത്ത് സിനിമകൾ. എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ, സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാടി, വിവേക് അഗ്നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ്, റിഷഭ് ഷെട്ടിയുടെ കാന്താര ,
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായ പാൻ നളിന്റെ ചെല്ലോ ഷോ, മറാത്തി സിനിമകളായ മേ വസന്തറാവു, തുജ്യ സതി കഹി ഹി, നമ്പി നാരായണന്റെ കഥ പറയുന്ന ആർ.മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്ട്, ഇരവിൻ നിഴൽ, കന്നഡ ചിത്രം വിക്രാന്ത് റോണ എന്നിവയും പട്ടികയിൽ ഇടംനേടി.
ഷൗനക് സെന്നിന്റെ ഓൾ ദാറ്റ് ബ്രീത്ത്, കാർത്തികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിസ്പറേഴ്സ് എന്നീ ഡോക്യുമെന്ററികളും പട്ടികയുടെ ഭാഗമാണ്. പട്ടികയിലെ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും. വിജയിക്കുന്ന ചിത്രങ്ങൾക്ക് മാത്രമെ ജനുവരി 24ന് നടക്കുന്ന അവസാന നോമിനേഷന്റെ ഭാഗമാകാൻ കഴിയൂ. 95ാമത് അക്കാഡമി അവാർഡുകളുടെ പ്രഖ്യാപനം മാർച്ച് 12ന് ലോസ് ഏഞ്ചൽസിലെ ഡോളി തിയേറ്ററിൽ നടക്കും. ടിവി അവതാരകൻ ജിമ്മി കിമ്മെൽ അവതാരകനാകും. മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഓസ്‌കാർ നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമകൾ.