ദുൽഖറും കല്യാണിയും വീണ്ടും

Wednesday 11 January 2023 1:15 AM IST

ലീഡ്- തമിഴിൽ ഒന്നിക്കുന്നത് കാർത്തികേയൻ വേലപ്പന്റെ ചിത്രത്തിൽ

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ അറ്റ‌്‌ലിയുടെ ശിഷ്യൻ കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും നായകനും നായികയുമായി എത്തുന്നു.അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം എന്നതാണ് പ്രത്യേകത. ദുൽഖർ സൽമാൻ അഭിനയിക്കുന്ന അഞ്ചാമത്തെ തമിഴ് ചിത്രം സി. സ്റ്റുഡിയോസ് ആണ് നിർമ്മിക്കുന്നത്.ജി.വി . പ്രകാശ് കുമാർ സംഗീത സംവിധാനം ഒരുക്കുന്നു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയുടെ ചിത്രീകരണം പൂർത്തിയായശേഷം കാർത്തിയേകൻ വേലപ്പന്റെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

കാരക്കുടിയിൽ കിംഗ് ഒഫ് കൊത്തയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കിംഗ് ഒഫ് കൊത്ത. ചെമ്പൻ വിനോദ് ജോസ് , ഗോകുൽ സുരേഷ്, ഷബീർ കല്ലറക്കൽ ,പ്രമോദ് വെളിയനാട്, എെശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രൻ ആണ് കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് കിംഗ് ഒഫ് കൊത്ത നിർമ്മിക്കുന്നത്.