ആധിയെ കൊല്ലാൻ ആഹാരം കഴിച്ചാൽ

Wednesday 11 January 2023 12:00 AM IST

മാനസിക സമ്മർദ്ദം കൂടുമ്പോൾ ഓരോരുത്തരും പല രീതിയിലാകും പ്രതികരിക്കുക. വിഷാദമോ പിരിമുറുക്കമോ ഉണ്ടാകുമ്പോൾ അതിനെ മറികടക്കാൻ ഭക്ഷണം വാരിവലിച്ചു കഴിക്കുകയും പിന്നീട് അതിൽ കുറ്റബോധം തോന്നുകയും ചെയ്യുന്നവരുണ്ട്. പിരിമുറുക്കം കൂടുമ്പോൾ പൊതുവേ എല്ലാവരിലും ഭക്ഷണത്തോടു താത്പര്യം കുറയുമെങ്കിലും ചിലരുടെ കാര്യത്തിൽ നേരെ മറിച്ചാണ്. ഇതുമൂലമുള്ള പ്രശ്‌നങ്ങൾ വളരെയധികം ദോഷമുണ്ടാക്കും. അമിതമായി വണ്ണംവയ്ക്കുകയും പാർശ്വഫലങ്ങൾ സങ്കീർണമാകുകയും ചെയ്യും. പരീക്ഷക്കാലത്ത് ചില കുട്ടികളിലും പിരിമുറുക്കം കൂടുതലുള്ള ഐ.ടി രംഗത്തും മറ്റും ജോലി ചെയ്യുന്നവർക്കും ഈ പ്രശ്‌നങ്ങളുണ്ട്. ഭക്ഷണം വാരിവലിച്ചു കഴിക്കുന്നത് മറ്റുള്ളവർ കാണുന്നതിലുള്ള നാണക്കേടും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് ഈ ശീലം അവസാനിപ്പിക്കണമെന്നു തീരുമാനിച്ചാലും കഴിയണമെന്നില്ല. ആരും കാണാതെ ഒളിച്ചു കഴിക്കുന്ന ശീലവും ഇത്തരക്കാരിൽ കാണാറുണ്ട്. വാരിവലിച്ചു തിന്ന്‌ ബലൂൺ പോലെ വീർക്കുന്ന രോഗാവസ്ഥകളുണ്ട്. ഭക്ഷണം ഉപേക്ഷിച്ച് നൂലുപോലെ മെലിഞ്ഞു മൃതാവസ്ഥയിൽ എത്തുന്നവരുമുണ്ട്. എല്ലാം മനസിന്റെ വികൃതികളാണ്.


വിശപ്പില്ലെങ്കിലും കുറഞ്ഞ സമയംകൊണ്ട് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ബിഞ്ച് ഈറ്റിംഗ് ഡിസോർഡർ എന്നു പറയുന്നു. വയറുപൊട്ടും എന്നു തോന്നുംവരെ ഇവർ കഴിച്ചുകൊണ്ടിരിക്കും. കൊളസ്‌ട്രോൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്ക് ഇതു കാരണമാകാം. ഒറ്റയ്ക്കിരുന്ന് കഴിക്കുന്നതും പിന്നീട് കുറ്റബോധം തോന്നുന്നതും ഇത്തരക്കാരുടെ ലക്ഷണങ്ങളാണ്. വാരിവലിച്ചു കഴിച്ചശേഷം വായിൽ വിരലിട്ട് ഛർദ്ദിക്കുന്ന രീതി ചില രോഗാവസ്ഥയിൽ കാണാം. .
വിവാഹസദ്യയ്‌ക്കും മറ്റും പോയി കുറഞ്ഞസമയം കൊണ്ട് വാരിവലിച്ചു കഴിക്കുന്ന ശീലം വളർന്നു വരികയാണ്. ഒരുപാട് ഭക്ഷണസാധനങ്ങൾ നിറഞ്ഞ ബുഫെ രീതിയും അമിതഭക്ഷണശീലം വളർത്തുന്നു. ആരും ആസ്വദിച്ചു കഴിക്കുന്നില്ല. അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് ആഹാരസാധനങ്ങളോട് ഒരുതരം അടിമത്ത മനോഭാവം വളർത്തിയെടുക്കുന്നു. ഭക്ഷണത്തിനോടുള്ള ആസക്തി ചിലപ്പോൾ ഫുഡ് അഡിക്ഷൻ പോലെയുള്ള അവസ്ഥയിൽ എത്തിച്ചേക്കാം. എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടേയിരിക്കുക എന്ന ശീലം ചില മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.

എങ്ങനെ മാറ്റിയെടുക്കാം
* മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താൻവേണ്ടി ഭക്ഷണത്തെ ആശ്രയിക്കുന്ന ശീലങ്ങൾ തിരിച്ചറിയുകയും, ഇച്ഛാശക്തിയോടെ മാറ്റിയെടുക്കുകയും ചെയ്യാം. ഏതു വൈകാരിക
സാഹചര്യത്തിലാണ് വാരിവലിച്ചു തിന്നുന്നത് എന്നതിനെക്കുറിച്ച് മുൻധാരണ ഉണ്ടാക്കിയെടുക്കണം. വിശപ്പുള്ളതുകൊണ്ടാണോ അതോ മാനസിക പ്രശ്‌നങ്ങൾ മൂലമാണോ എന്ന ഉത്തരം സ്വയം കണ്ടെത്തിയാൽ ആ ശീലം മാറ്റിയെടുക്കണമെന്ന ഉൾപ്രേരണയുണ്ടാകും.

* ആധിക്ക് അറുതി വരുത്താൻ ഭക്ഷണത്തെ ആശ്രയിക്കുന്ന ഘട്ടത്തിൽ ശ്വസന വ്യായാമം ചെയ്‌തോ പാട്ടുകേട്ടോ മനസിനെ മാറ്റിയെടുക്കാം. മറ്റ് ആരോഗ്യകരമായ ഇഷ്ടങ്ങളിലേക്ക് മനസ് കേന്ദ്രീകരിക്കാൻ ശ്രമിക്കുക.


* വിരുന്നിനു പോകുമ്പോൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് നേരത്തേ ധാരണയുണ്ടാക്കാം. ഉള്ള വിഭവങ്ങൾ എല്ലാം കഴിക്കാതെ ആവശ്യമുള്ളത് വിശപ്പിനനുസരിച്ച് കഴിക്കുക. വികല ഭക്ഷണ ശീലങ്ങളുടെ വിത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കാം.


* ഭക്ഷണം സമയമെടുത്ത് ആസ്വദിച്ചു കഴിക്കാൻ ശ്രദ്ധിക്കുക.
കഴിയുന്നത്ര കാലറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുക.

നല്ല ഭക്ഷണം രുചിയോടെ നിയന്ത്രിതമായി കഴിക്കുന്നത് ഒരു മിടുക്കാണ്. വയറിന്റെയും വിശപ്പിന്റെയും തോത് അനുസരിച്ചാണ് ഇത് ചിട്ടപ്പെടുത്തുന്നത്. ആധിയെ കൊല്ലാൻ ആഹാരം കഴിച്ചാൽ അത് ആരോഗ്യത്തെ കൊല്ലും.

( എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ദ്ധനാണ് ലേഖകൻ )

Advertisement
Advertisement