ശമ്പളമില്ലാതെ ഫോറസ്റ്റ് വാച്ചർമാർ; കണ്ണിൽ ഇരുട്ടുമായി കാവൽ

Tuesday 10 January 2023 9:18 PM IST

ഫെസ്റ്റിവെൽ അലവൻസ് 2021 മുതൽ കിട്ടുന്നില്ല

കണ്ണൂർ:രാപകൽ ഭേദമില്ലാതെ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ഫോറസ്റ്റ് വാച്ചർമാരുടെ ശമ്പളം അഞ്ചുമാസമായി കുടിശ്ശിക. വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി ശമ്പളം ലഭിക്കുമ്പോഴാണ് താഴേത്തട്ടിലുള്ള വാച്ചർമാർക്ക് ഈ ദുർഗതി.

ആദിവാസി വിഭാഗത്തിൽപ്പെട്ട കുറിച്യ വിഭാഗക്കരാണ് വാച്ചർമാരിൽ ബഹുഭൂരിഭാഗവും.സ്നേക്ക്,പ്ലാന്റേഷൻ,ടെറിറ്റോറിയൽ എന്നീ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നവരാണിവർ.തളിപ്പറമ്പ്,കണ്ണവം,കൊട്ടിയൂർ റേഞ്ചുകളിലായി 105 ഫോറസ്റ്റ് വാച്ചർ‌മാരാണുള്ളത്.

ഇവരിൽ 48 പേർ ആറളം വന്യജീവി സങ്കേതത്തിലാണ്.ആറളത്തെ വാച്ചർമാർക്ക് രണ്ട് മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.റിസ്ക് ഏരിയ ആയതുകൊണ്ട് ഇവിടെയുള്ളവർക്ക് 900 രൂപയും മറ്റ് ഫോറസ്റ്റ് റേഞ്ചിലുള്ളവർക്ക് 850 രൂപയുമാണ് അടിസ്ഥാന ശമ്പളം.

ഫണ്ടിലെന്ന കാരണം പറഞ്ഞാണ് ശമ്പളം മാസങ്ങളായി നൽകാത്തത്.ഫോറസ്റ്റ് റേഞ്ചർ,സെക്ഷൻ ഫോറസ്റ്റ് എന്നിവർ ചേർന്നാണ് വാച്ചർമാരുടെ ഒരു വർഷത്തേക്കുള്ള ശമ്പളത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകേണ്ടത്.ഈ എസ്റ്റിമേറ്റ് ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് (സി.സി.എഫ്) ആണ് പാസ്സാക്കേണ്ടത്.എന്നാൽ ഒരു വർഷത്തേക്കുള്ള ശമ്പളം പാസാക്കിയാൽ പിന്നെ അത് കൃത്യമായി നൽകുന്നതിനെന്താണ് തടസ്സമെന്ന് തൊഴിലാളികൾ ചോദിക്കുന്നു.ഫോറസ്റ്റ് വാർച്ചർമാർക്ക് അഞ്ച് വർഷമായി ഫെസ്റ്റിവെൽ അലവെൻസ് ആയിരം രൂപ നൽകുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടത്തിലേക്കും ഇറങ്ങുന്ന വന്യജീവികളെ തടയാനുള്ള ചുമതലയും ഇവർക്കാണ്. ഉറക്കമൊഴിച്ച് ജോലി ചെയ്തിട്ടും ഇവരുടെ ദുരിതത്തെ കാണാൻ വനംവകുപ്പ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

കണ്ണുതുറക്കണം

രാത്രി കാവലിന് നിൽക്കുന്ന നൈറ്റ് ഡ്യൂട്ടി വാച്ചർമാർക്ക് ഒഴിച്ചുകൂടാനാകാത്ത ഹെഡ് ലൈറ്റ് പോലും ലഭിക്കുന്നില്ല. ബൂട്ടിനും യൂണിഫോമിനും തൊഴിലാളികൾ തന്നെ ചിലവിടണം. ഇവ നൽകേണ്ടത് റേഞ്ചറാണ്.

ഐഡന്റിറ്റി കാർഡ് പോലും നിരന്തരം ആവശ്യപെട്ടിട്ടും നൽകിയിട്ടില്ല.

അവർ പ്രതിഷേധത്തിലാണ്

ഫോറസ്​റ്റ് വാച്ചർമാർക്ക് മാസങ്ങളായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കേരള സ്​റ്റേ​റ്റ് ഫോറസ്​റ്റ് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി.) കണ്ണൂർ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് കെ .ടി .ജോസ് ഉദ്ഘാടനം ചെയ്തു . ഫോറസ്​റ്റ് വർക്കേഴ്‌സ് യൂനിയൻ ജില്ലാ സെക്രട്ടറി യു. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു . ജില്ല ജോയിന്റ് സെക്രട്ടറി കെ സി .ബിനോയി , പി .ചന്തു എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം കുടിശ്ശികയായി കിടക്കുകയാണ്.ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് കൃത്യമായി ശമ്പളം നൽകുമ്പോഴാണ് ഏറ്റവും അടിത്തട്ടിലുള്ളവരോടുള്ള അവഗണന.

യു. സഹദേവൻ ,ഫോറസ്​റ്റ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി

ജില്ലയിൽ

ഫോറസ്റ്റ് റേഞ്ച് 3

വാച്ചർമാർ 105

ആറളത്ത് മാത്രം 48

റിസ്ക് ഏരിയയിൽ ദിവസവേതനം 900

മറ്റിടങ്ങളിൽ 850