ചിത്താരി അഴിമുഖത്ത് 46 ഇനം പക്ഷികളെ കണ്ടെത്തി

Tuesday 10 January 2023 9:45 PM IST

കാഞ്ഞങ്ങാട് : ഏഷ്യൻ വാട്ടർ ബേർഡ്സ് സെൻസസിന്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് ബി.എം.സി യും കാസർകോട് ബേഡേഴ്സും സംയുക്തമായി നടത്തിയ പക്ഷി സർവ്വേക്ക് ചിത്താരി അഴിമുഖത്തു തുടക്കമായി. ഇവിടെ 46 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്.

പാക്കിസ്ഥാൻ, ശ്രീലങ്ക, ഉത്തരേന്ത്യ തുടങ്ങിയ ഇടങ്ങളിൽ പ്രജനനം നടത്തുന്ന ചെറുമണൽകോഴി,​ വടക്കു പടിഞ്ഞാറു ഹിമാലയങ്ങളിൽ പ്രജനനം നടത്തുന്ന നീർക്കാട,​ അലാസ്‌ക, സൈബീരിയയിൽ നിന്നും വരുന്ന പൊൻമണൽക്കോഴി, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ മിതശീതോഷ്ണ പ്രദേശത്ത്പ്രജനനം നടത്തുന്ന വാൾക്കൊക്കൻ, ചാരക്കുട്ടൻ കത്രികപ്പക്ഷി, ചുറ്റീന്തൽക്കിളി, തേൻകൊതിച്ചി പരുന്ത്, ചിത്താരി കടപ്പുറത്തെ സ്ഥിര സാന്നിധ്യമായ വെള്ള വയറൻ കടൽ പരുന്ത് തുടങ്ങിയവ ആയിരുന്നു സവ്വേ ദിനത്തിലെ പ്രധാന ആകർഷണങ്ങൾ. ഇവയെ കൂടാതെ വരയൻ കത്രിക, വയൽക്കോതി കത്രിക, ഹ്യുഗ്ലിനി കടൽക്കാക്ക, സ്റ്റപ്പ് കടൽക്കാക്ക തുടങ്ങി ഒട്ടേറെ ദേശാടന പക്ഷികളെയും കിന്നരി നീർക്കാക്ക, കതിർവാലൻ കുരുവി, അങ്ങാടിക്കുരുവി, കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത് തുടങ്ങി ഒട്ടേറെ സ്വദേശിയരായ പക്ഷികളെയും സവേയിൽ രേഖപ്പെടുത്താനായി.

ജില്ലയിലെ പ്രധാന കടൽത്തീരമായ കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ ചിത്താരി അഴിമുഖം പക്ഷി വൈവിധ്യത്താൽ സമ്പന്നമാണ്. പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്‌നേഹികളുടെയും പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് ചിത്താരി അഴിമുഖം. പുഴ വഹിച്ചുകൊണ്ടുവരുന്ന ഫലഭൂയിഷ്ടമായ മണലും കടലിലെ ഉപ്പുവെള്ളവും കലർന്ന് ഉണ്ടാവുന്ന പ്രത്യേകതരം ഭൂപ്രകൃതി കണ്ടൽകാടുകളും മറ്റു സസ്യജന്തു ജാലങ്ങളും വളരാൻ കാരണമാകുന്നു.

ഈ അനുയോജ്യ അവസ്ഥയിൽ ചെറു ജീവികളും മത്സ്യങ്ങളും പക്ഷികളും ആവാസ വ്യവസ്ഥയെ സമ്പന്നമാക്കുന്നു. ഇ ബേർഡ് രേഖകൾ പ്രകാരം 145 ഇനത്തിൽ പരം പക്ഷികളെ ഇവിടെനിന്നും കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പകുതിയോളം ദേശാടന പക്ഷികളാണ് . അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് സർവ്വേ ഉദ്ഘാടനം ചെയ്തു. ഇരുപതാം വാർഡ് മെമ്പർ കെ.സതി, പക്ഷി നിരീക്ഷകനായ എം.ഹരീഷ് ബാബു രാവണേശ്വരം, ശ്യാംകുമാർ പുറവങ്കര, ഡോ. അനിത എന്നിവർ സംസാരിച്ചു.

Advertisement
Advertisement