അഴീക്കോട് സ്മൃതിയുമായി പുഴസഞ്ചാരം

Tuesday 10 January 2023 9:55 PM IST
സുകുമാർ അഴീക്കോട് ട്രസ്റ്റ്, സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം സംയുക്താഭിമുഖ്യത്തിൽ പറശിനി പുഴയിൽ സംഘടിപ്പിച്ച ഡോക്ടർ സുകുമാർ അഴീക്കോട് അനുസ്മരണ ജലയാത്ര കെ.വി സുമേഷ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പറശിനിക്കടവ്: പുഴ പോലെ തുടങ്ങി സാംസ്കാരിക കേരളത്തിന്റെ സാഗര ഗർജനമായിമാറിയ സുകുമാർ അഴീക്കോടിന്റെ ഓർമകൾ പങ്കുവച്ച് സ്മൃതി സഞ്ചാരം. അഴീക്കോടിന്റെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അഴീക്കോട് സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പരിപാടി പറശിനി പുഴയിലെ ജലറാണി ബോട്ടിൽ കെ.വി.സുമേഷ് എം.എൽ.എയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

ഡോ.എ.കെ. നമ്പ്യാർ ഉദ്ഘാടനം യാത്ര ചെയ്തു. വർത്തമാന ലോകത്ത് നടക്കുന്ന അരുതാത്ത പലതും കാണുമ്പോഴാണ് അഴീക്കോടിന്റെ വിയോഗം വരുത്തിയ ആഴം നാമറിയുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. സമൂഹത്തെ തിരുത്തിക്കാൻ എന്നും മുന്നണി പോരാളിയുടെ സ്ഥാനമായിരുന്നു അഴീക്കോടിനെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകണ്ഠപുരം നഗരസഭാ ചെയർ പേഴ്സൺ ഡോ.കെ.വി.ഫിലോമിന , കെ.ബാലകൃഷ്ണൻ , ഒ.സി.മോഹൻ രാജ്, ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ ,കെ.ടി.ശശി, പി.എം.ജനാർദ്ദനൻ ,എം.ടി.മനോജ്, ദാമോദരൻ കല്യാശേരി,എം.സി.ശ്രീജ, കെ.കെ.ആർ വെങ്ങര,കെ.ഷാജി എന്നിവർ പ്രസംഗിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ അദ്ധ്യക്ഷത വഹിച്ചു. ടി.വി.മധുകുമാർ സ്വാഗതവും മോഹനൻ പൊന്നമ്പേത്ത് നന്ദിയും പറഞ്ഞു.24 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കണ്ണൂർ ചേമ്പർ ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.