റിപ്പബ്ലിക് ദിനത്തിൽ തീര സുരക്ഷ കൂട്ടും

Tuesday 10 January 2023 10:03 PM IST

കണ്ണൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തീരദേശത്ത് സുരക്ഷ ശക്തമാക്കാൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പൊലീസിനോട് നിർദേശിച്ചു. തീരദേശ സുരക്ഷ, സാമൂഹിക സൗഹാർദം എന്നിവയുമായി ബന്ധപ്പെട്ട് കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് വിതരണം ചെയ്യാൻ സർക്കാരിനോട് അനുമതി തേടും. പുതുതായി അനുവദിച്ച ചെറുവള്ളങ്ങൾക്ക് കളർകോഡ് നടപ്പാക്കുന്നുണ്ട്. ഫിഷ് ലാന്റിംഗ് സെന്ററുകളിലും ഹാർബറുകളിലും സി.സി.ടി.വിയും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. കാലഹരണപ്പെട്ട വള്ളങ്ങൾക്ക് പകരം പുതിയ വള്ളങ്ങൾ അനുവദിക്കുന്ന പ്രവർത്തന പുരോഗതി യോഗം ചർച്ച ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ, തഹസിൽദാർമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ, തീരദേശ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.