അമ്പൂരി രാഖി കൊലക്കേസ്: ഏഴ് സാക്ഷികൾക്ക് വാറണ്ട്

Wednesday 11 January 2023 2:06 AM IST

തിരുവനന്തപുരം: പാറശാല തിരുപുറം പുത്തൻകട ജോയ് ഭവനിൽ രാഖിയെ കാമുകൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഡോക്ടർമാർ ഉൾപ്പെടെ ഏഴ് സാക്ഷികൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇവരോട് ഇന്ന് ഹാജരാകണമെന്ന് ആറാം അഡി. ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു നിർദ്ദേശിച്ചു. ഇതിൽ ആറുപേരും പ്രോസിക്യൂഷൻ സാക്ഷികളായ സർക്കാർ ഉദ്യോഗസ്ഥരാണ്.


വാഴിച്ചൽ വില്ലേജ് ഓഫീസർ ബിജു, അമ്പൂരി പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, നെയ്യാറ്റിൻകര ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായിരുന്ന അമൃത, ഡോ.പ്രശാന്ത്, ഡി.സി.ആർ.ബി സയന്റിഫിക് അസിസ്റ്റന്റ് രെഞ്ചു.ആർ, ഡി.സി.ആർ.ബി ഫോട്ടോഗ്രാഫർ ഈസാദ് രാജു, ഫോട്ടോഗ്രാഫർ സന്തോഷ്‌കുമാർ എന്നിവർക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ മറ്റൊരു സാക്ഷിയായ ഡോ.ശ്യാം മോഹൻ ഇന്നലെ ഹാജരായെങ്കിലും പ്രോസിക്യൂട്ടർ എത്താത്തതിനാൽ മടക്കി അയച്ചു.


2019 ജൂൺ 21നാണ് രാഖിയെ കാമുകനും സൈനിക ഉദ്യോഗസ്ഥനുമായ അമ്പൂരി തട്ടാംമുക്ക് അശ്വതിഭവനിൽ അഖിൽ.ആർ.നായർ കാറിൽ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചു മൂടിയത്. ഇയാളുടെ സഹോദരൻ രാഹുൽ. ആർ. നായർ, അയൽവാസി കണ്ണൻ എന്ന ആദർശ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. അഖിലിന് മറ്റൊരു വിവാഹാലോചന വന്നപ്പോൾ രാഖിയെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്നായിരുന്നു കൊലപാതകം.

Advertisement
Advertisement