വില്ലനായി ഭക്ഷ്യവിഷബാധ: അറേബ്യൻ വിഭവം കൈവിട്ട് ജനം

Wednesday 11 January 2023 12:06 AM IST

കോട്ടയം: ഭക്ഷ്യവിഷബാധയിലൂടെ വില്ലൻ വേഷമണിഞ്ഞ അറേബ്യൻ ഭക്ഷണ വിഭവങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു. ഷവർമ, കുഴിമന്തി, അൽഫാം, ബാർ ബിക്യൂ തുടങ്ങിയവയെല്ലാം ഇത് പ്രതികൂലമായി ബാധിച്ചു. അടിക്കടിയുള്ള അനിഷ്ട സംഭവങ്ങൾ കാരണം കച്ചവടം പകുതിയിലേറെ കുറഞ്ഞെന്ന് ഹോട്ടൽ ഉടമകളും പറയുന്നു.

കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്ന് ഒരു മാസം കടകളിൽ തിരക്ക് കുറവായിരുന്നു. പിന്നീട് ക്രിസ്മസും പുതുവർഷവുമാണ് വിപണിയെ ഉണർത്തിയത്. എന്നാൽ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ നിന്ന് ഭക്ഷണം കഴിച്ച നഴ്സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെ വിപണി വീണ്ടു പ്രതിസന്ധിയിലായി.

മുമ്പ് അറബിക് ഭക്ഷണമുള്ള നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വലിയ തിരക്കായിരുന്നു. എന്നാലിപ്പോഴത് പകുതിയിലും താഴെയായി. പതിവായി കുടുംബവുമൊത്ത് അറേബ്യൻ വിഭവങ്ങൾ രുചിക്കാനെത്തിയവരും ആശങ്ക കാരണം പിൻമാറി. തിരക്ക് കുറഞ്ഞതോടെ പാകം ചെയ്യുന്നവയുടെ അളവ് ഹോട്ടലുകളും കുറച്ചു.

 ലോക്ക് ഡൗണിന് പിന്നാലെ 150ലേറെ സ്ഥാപനങ്ങൾ

കൊവിഡിനെ തുടർന്ന് ജില്ലയിൽ വ്യാപകമായി വെജിറ്റേറിയൻ ഹോട്ടലുകൾ പൂട്ടിയതിന് പിന്നാലെയാണ് അറേബ്യൻ വിഭവങ്ങളുമായി നിരവധി സ്ഥാപനങ്ഹളും ബേക്കറികളും തുറന്നത്. ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ ഇത്തരത്തിൽ 150 ലേറെ പുതിയ സ്ഥാപനങ്ങൾ മുളച്ചു. ഇവരിലേറെയും ജോലി നഷ്ടമായ പ്രവാസികളാണ്.

'അറേബ്യൻ നാടുകളിൽ ഒരിക്കൽപ്പോലും അപകടമുണ്ടാക്കാത്ത വിഭവങ്ങൾ ഇവിടെമാത്രം വില്ലനാകുന്നത് വൃത്തിയില്ലായ്മ കാരണമാണ്. നിന്ന് തിരിയാൻ ഇടമില്ലാത്ത സ്ഥലത്താണ് നിർമ്മാണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനാസ്ഥ ഒഴിവാക്കണം".

- മഹേഷ് ചന്ദ്രൻ,​ വിവരാവകാശ പ്രവർത്തകൻ

'ലക്ഷങ്ങൾ മുടക്കി നല്ലരീതിയിൽ സ്ഥാപനം നടത്തുന്നവർ കൂടിയാണ് ഇപ്പോൾ വെട്ടിലാകുന്നത്''.

- ഹോട്ടലുടമ

മാംസം സൂക്ഷിക്കേണ്ടത് 18 ഡിഗ്രിയിൽ

 മാംസം ലൈസൻസുള്ള കടകളിൽ നിന്ന് വാങ്ങണം
 ഫ്രീസറിൽ കുറ‌ഞ്ഞത് 18 ഡിഗ്രിയിൽ സൂക്ഷിക്കണം

 വെള്ളം അംഗീകൃത ലാബുകളിൽ പരിശോധിക്കണം
 ജീവനക്കാർ വ്യക്തി, പരിസര ശുചിത്വം പാലിക്കണം
 അതതു ദിവസത്തേക്കുള്ള വിഭവം മാത്രം ഉണ്ടാക്കണം

 മയോണൈസ് തണുപ്പിച്ച് ആവശ്യമുള്ളപ്പോൾ മാത്രം വിളമ്പുക

Advertisement
Advertisement