കാമ്പയിനിലും കര തൊടാതെ ഇ - മാലിന്യം

Wednesday 11 January 2023 12:16 AM IST

കോട്ടയം: ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇലക്ട്രോണിക് മാലിന്യം (ഇ-മാലിന്യം) ശേഖരിക്കാൻ തയ്യാറാക്കിയ കാമ്പയിനിൽ ഇതുവരെ ശേഖരിച്ചത് 50 ടൺ മാലിന്യം മാത്രം. കഴിഞ്ഞ ഡിസംബർ 31ന് മുമ്പ് 300 ടൺ മാലിന്യം ശേഖരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് നടക്കാത്തതിനെ തുടർന്ന് ഡിസംബർ 1 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ച കാമ്പയിൻ ജനുവരിയിലേക്ക് നീട്ടി.

മാലിന്യം ശേഖരിച്ച് എത്തിക്കാനുമുള്ള ബുദ്ധിമുട്ടാണ് കാമ്പയിൻ നീളാനുള്ള കാരണമായി ക്ലീൻ കമ്പനി അധികൃതർ പറയുന്നത്. ജില്ലയിലെ ആറ് മുൻസിപ്പാലിറ്റികളിലും 71 പഞ്ചായത്തുകളിലുമായി വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാനുള്ള ചുമതല ഹരിതകർമ സേനയ്ക്കായിരുന്നു. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ബാറ്ററി, ഫാൻ, എ.സി, വാഷിംഗ് മെഷീൻ, കേബിളുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് വീടുകളിൽ നിന്ന് പണം ഈടാക്കില്ല. ഹരിതകർമസേനയ്ക്ക് ക്ലീൻ കേരളയിലൂടെ പണം നൽകുമെന്നും ശേഖരിക്കുന്ന മാലിന്യം കാക്കനാടുള്ള കേരള എൻവിറോ ഇൻഫ്രാ ലിമറ്റഡിന് കൈമാറും എന്നുമായിരുന്നു അറിയിപ്പ്.

പഞ്ചായതത് ഡയറക്ടറേറ്റ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ.

'ജനുവരി അവസാനത്തോടെ ജില്ലയിലെ ഇ-മാലിന്യം നീക്കം ചെയ്യാനാകുമെന്ന് പ്രതീക്ഷ".

- സഞ്ജു വർ​ഗീസ്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ

ലക്ഷ്യം- 300 ടൺ

നീക്കിയത്- 50 ടൺ

കാമ്പയിൻ തുടങ്ങിയത്- 2022 ഡിസംബർ 1

അവസാനിക്കേണ്ടത്- ഡിസംബർ 31

Advertisement
Advertisement