കലോത്സവ അടുക്കളയിൽ പേടി പെയ്യിച്ചത് എന്തിനാണ്...?

Wednesday 11 January 2023 12:00 AM IST

കോഴിക്കോട് നടന്ന 61 -ാമത് സംസ്ഥാന കലോത്സവം ഇക്കാലമത്രയും നടന്ന കലോത്സവ നടത്തിപ്പുകൾക്കെല്ലാം ബഹുദൂരം മുന്നിലാണെന്ന കാര്യത്തിൽ തർക്കമില്ല. സമയബന്ധിതമായി പരിപാടികൾ തുടങ്ങാനും അവസാനിപ്പിക്കാനുമായി. നേരം പുലരുവോളം മേക്കപ്പിട്ട് കാത്തിരുന്ന് ഒടുക്കം അരങ്ങേറുമ്പോഴേക്കും തളർന്നുപോകുന്ന അവസ്ഥ എവിടേയും കണ്ടില്ല. ചിലങ്ക വലിച്ചെറിഞ്ഞ് ഇനി ഒരു വേദികളിലും നിങ്ങളെന്നെക്കാണില്ലെന്ന് ഒരു കുട്ടിയും നിറകണ്ണീരോടെ പറഞ്ഞില്ല. വെള്ളമില്ല, ഭക്ഷണമില്ല, താമസിക്കാനിടമില്ല, വാഹനങ്ങൾകിട്ടിയില്ല, ഷെഡ്യൂളുകൾ അറിഞ്ഞില്ല, മൈക്ക് തടസ്സപ്പെട്ടു, ഓഡിയോ സംവിധാനം തകരാറിലായി എന്നും കേട്ടില്ല. ഉണ്ടായത് അല്ലറ ചില്ലറ പരാതികൾ. കോൽക്കളിവേദിയിൽ കാർപെറ്റിൽ കാല് കുരുങ്ങി ഒരു മത്സരാർത്ഥി വീണതല്ലാതെ വലുതായൊന്നും കേട്ടില്ല. കോഴിക്കോട്ടേക്കിനി വരില്ലെന്നും ആരും പറഞ്ഞില്ല. പിന്നെയുണ്ടായത് സ്വാഗതഗാനവുമായി ബന്ധപ്പെട്ടൊരു വിവാദം. സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌കാരത്തിൽ പ്രത്യേക മതത്തിന്റെ വസ്ത്രാധാരണ രീതിയെ തീവ്രവാദികളുടേതെന്ന് ചിത്രീകരിച്ചെന്ന്. വിവാദമുണ്ടായതിന് പിറ്റേദിവസം തന്നെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അത് പരിശോധിക്കുമെന്ന് ഉറപ്പും നൽകി. അതുംകൊണ്ടു തീരാതെ ചിലകോണുകൾ വീണ്ടുമതിനെ വിടാതെ പിന്തുടർന്നപ്പോൾ തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു, അടുത്തവർഷം സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നതിൽ നിന്നും വിവാദസംഘത്തെ ഒഴിവാക്കുമെന്ന്. അതിലും തൃപ്തിയില്ലാത്ത പലരുമുണ്ടെങ്കിലും അതോടെ തീരും ആ വിവാദമെന്ന് കരുതുന്നു.

21 അംഗ സംഘാടകസമിതിയും അതിലെ അദ്ധ്യാപകരും ജനപ്രതിനിധികളുമെല്ലാം മാസങ്ങളോളം ഉറക്കൊഴിഞ്ഞ് പ്രവർത്തിച്ചതിന്റെ ശരിയായ ഫലമാണ് കോഴിക്കോട്ട് കണ്ടത്. 24വേദികൾ, 239 ഇനങ്ങൾ, പതിനാലായിരത്തോളം മത്സരാർത്ഥികൾ...ഇതുപോലൊരു മേള ഇത്രയും കുറ്റമറ്റരീതിയിൽ സംഘടിപ്പിച്ചെങ്കിൽ അതിന്റെ സംഘാടകർ തീർത്തും അഭിമാനമർഹിക്കുന്നു. പ്രത്യേകിച്ച് മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ച് കോഴിക്കോടിന്റെ മേളയ്ക്ക് ഒരുകുറ്റവും കുറവും വരരുതെന്ന് കരുതി ഓടിനടന്ന മന്ത്രി മുഹമ്മദ് റിയാസ്, അതുപോലെ മേള തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പേ എത്തി അവസാനിക്കുന്നതുവരെ കുഞ്ഞുപ്രശ്‌നങ്ങളിലേക്കു വരെ ഓടിയെത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കോഴിക്കോട്ടെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും എല്ലാം ഈ അഭിമാനത്തിന്റെ ഭാഗമാണ്.

എന്നിട്ടും കൗമാര കലോത്സവത്തിന്റെ അടുക്കളയിൽ പേടിപെയ്യിച്ചതാരാണ്? കേവലം നോൺവെജ് ഭക്ഷണം എന്നതിനപ്പുറത്ത് ഇതിനു പിന്നിൽ ഏതെങ്കിലും ഗൂഢശക്തികൾ പ്രവർത്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ആരാണ് ഉത്തരവാദികൾ? ആ സത്യങ്ങൾ പുറത്ത് വരേണ്ടതുണ്ട്. 16 സംസ്ഥാന കലോത്സവത്തിന് ഭക്ഷണമൊരുക്കിയ പഴയിടം മോഹനൻ നമ്പൂതിരി സന്തോഷകണ്ണീരോടെയല്ല മറിച്ച് സങ്കടക്കടലുമായിട്ടാണ് കോഴിക്കോട് വിട്ടത്. ഇനിയൊരു കലോത്സവത്തിലും ഭക്ഷണമൊരുക്കാൻ താനുണ്ടാകില്ലെന്ന് മാത്രമല്ല നേരത്തെ ഏറ്റെടുത്ത തൃശ്ശൂരിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയുടെ ഭക്ഷണമൊരുക്കലിൽ നിന്നും മാറുന്നതായും അദ്ദേഹം പറഞ്ഞു. ചെറിയ കാര്യമല്ലിത്, വലുതാണ്. അന്വേഷിച്ച് തത്‌പരകക്ഷികളെ പുറത്തുകൊണ്ടുവരണം. കക്ഷിരാഷ്ട്രീയക്കാർ പറയുന്നു തങ്ങളല്ല അവരാണെന്ന്. അവർ പറയുന്നു തീവ്രവാദശക്തികളാണെന്ന്, മറ്റുചിലർ പറയുന്നു നാടിന്റെ സമാധാനം തകർക്കാൻ ഇറങ്ങിത്തിരിച്ചവരാണെന്ന്....ആരായാലും സോഷ്യൽമീഡിയ വഴിയും ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വഴിയുമെല്ലാം ജാതിയും മതവും പ്രത്യേക സമുദായങ്ങളുടെ ഭക്ഷണത്തെ കുറ്റംപറച്ചിലുമെല്ലാം നടത്തിയവർ ആരാണെങ്കിലും അതിനുപിന്നിലെ ചേതോവികാരം പുറത്തുവരണം.
' ഇതുവരെ രണ്ടേകാൽകോടിയോളം കുട്ടികൾക്ക് കലോത്സവ വേദിയിൽ മാത്രം ഭക്ഷണം വിളമ്പിയിട്ടുണ്ട്. ഒരിടത്തും ഭക്ഷ്യവിഷബാധയോ കഴിച്ച കുട്ടികൾക്ക് നേരിയ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലാഭത്തിന് വേണ്ടിയല്ല ഞാനും സംഘവും വരുന്നത്. സർക്കാർ വിളിച്ച ക്വട്ടേഷനിൽ ഏറ്റവും കുറവ് രേഖപ്പെടുത്തുമ്പോഴാണ് ഞങ്ങൾക്ക് നറുക്ക് വീഴുന്നത്. പലപ്പോഴും അത് ലാഭമായിരിക്കില്ല. ഭക്ഷണം വിശക്കുന്നവർക്ക് നൽകുന്നതാണ്, അത് ലാഭം കൊയ്യാനല്ല. ഇത്തവണ കോഴിക്കോട്ടേക്ക് വന്നത് വലിയ സന്തോഷത്തോടെയാണ്. പക്ഷേ മടങ്ങുന്നത് മനസ് നിറയെ സങ്കടവുമായി. നിങ്ങളറിയുമോ കോഴിക്കോട്ട് ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളവിട്ട് ഞാനെങ്ങും പോയിട്ടില്ല. ഉറക്കൊഴിഞ്ഞ് ഭക്ഷണത്തിന് കാവലിരുന്നു, കൂടെ സംഘാടകരുമുണ്ടായിരുന്നു. കാരണം പേടിയായിരുന്നു. പുറത്ത് നടക്കുന്ന ചർച്ചകൾ ഞങ്ങളുടെ ഭക്ഷണപാത്രത്തിലേക്കെങ്ങാനും കടന്നുകയറിയാലോ. പച്ചക്കറിമാത്രം വിളമ്പണമെന്ന പക്ഷക്കാരനല്ല ഞാൻ. പക്ഷേ ഇക്കാലമത്രയും നടന്ന ഭക്ഷ്യവിഷബാധകളെല്ലാം കടന്നുവന്നത് നോൺവെജ് ഭക്ഷണങ്ങളിലൂടെയാണെന്ന് നാം മറന്നുകൂടാ. എന്റെ ഭക്ഷണത്തെയാണ് കുറ്റം പറഞ്ഞതെങ്കിൽ പ്രശ്‌നമില്ലായിരുന്നു. നാളെ അത് നന്നാക്കാം. പക്ഷേ കൃത്യമായി ജാതിപറഞ്ഞ് ഒരു വ്യക്തിയെ ഫോക്കസ് ചെയ്തുള്ള വിമർശനം സഹിക്കാവുന്നതിനപ്പുറത്താണ്...' കലോത്സവ കലവറകളിൽ ഭക്ഷണപ്പെരുമ തീർക്കാറുള്ള പഴയിടത്തിന്റെ സങ്കടപ്പെരുമഴ എങ്ങനെ തോരും.!
കേരളത്തിൽ ഏറ്റവും മികച്ച ഭക്ഷണം വിളമ്പുന്നത് പഴയിടമാണെന്ന് അദ്ദേഹത്തിനുപോലും അഭിപ്രായമുണ്ടാവില്ല. പക്ഷേ കുട്ടികൾക്ക് 16വർഷം അദ്ദേഹം വിളമ്പിയ ഭക്ഷണത്തിലൊന്നിലും മായമുണ്ടായിരുന്നില്ലെന്ന് കഴിച്ചവർക്കെല്ലാം നിസംശയം പറയാനാവും. കോഴിക്കോട്ടെ കലോത്സവത്തിന്റെ ആദ്യ ദിവസം ഉച്ചയ്ക്ക് 13,500 പേർക്കാണ് സംഘാടകസമിതി ഉച്ചയൂണ് പറഞ്ഞത്. പക്ഷേ അന്നുമാത്രം കഴിച്ചത് 16,500പേർ. ഒരാൾക്കും ചോറോ ഉപ്പേരിയോ അച്ചാറോ പച്ചടിയോ കിട്ടാതിരുന്നിട്ടില്ല. എന്തിന് പായസം പോലും എത്താതിരുന്നിട്ടില്ല. പിറ്റേ ദിവസമായപ്പോൾ 20,000 പേർ വരെ ഉണ്ടു. അക്ഷയപാത്രത്തിൽ നിന്നെന്നോണം. പഴയിടം മഹിമയെക്കുറിച്ചല്ല പറയുന്നത്, വരും വർഷങ്ങളിൽ ബിരിയാണിയോ കുഴിമന്തിയോ ആവാം. പക്ഷേ ഭക്ഷണം വിളമ്പിയ കൈകളെ വിഷംപുരട്ടി ഹസ്തദാനം ചെയ്തത് ശരിയായില്ല. വിവാദമുയർന്നപ്പോൾ വിദ്യാഭ്യാസമന്ത്രിയും സംഘാടകസമിതിയുടെ മുഖ്യകാർമികനായ മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞു, ഇത്തവണപറ്റില്ല, അടുത്തതവണ ആലോചിക്കുമ്പോൾ എന്തുഭക്ഷണവും പരിഗണിക്കാം. അവിടെ തീരേണ്ടതല്ലേ വിമർശനങ്ങളും തെറിവിളിയും. ഒന്നേ പറയാനുള്ളൂ ഇത്തരം അനാരോഗ്യകരമായ വിമർശനങ്ങളുടെ ബലൂണുകൾ കാറ്റിൽ പറത്തിയവരെ പുറത്തുകൊണ്ടുവരേണ്ട ബാദ്ധ്യത സംഘാടക സമിതിക്കുണ്ട്, സർക്കാരിനുണ്ട്. അത് നാം മറന്നുകൂടാ.

Advertisement
Advertisement