ശുദ്ധീകരണത്തിന്റെ തുടക്കമാകട്ടെ

Wednesday 11 January 2023 12:00 AM IST

പൊലീസ് ആക്ടിൽ 86 (3) എന്നൊരു വകുപ്പുണ്ടെന്നും അതിഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഈ വകുപ്പനുസരിച്ച് പിരിച്ചുവിടാമെന്നും പൊതുജനങ്ങളിൽ പലരും അറിയുന്നത് ഇപ്പോഴാകും. ഒരുപക്ഷേ സർക്കാരിനു തന്നെയും ഈ വകുപ്പിന്റെ പ്രസക്തി പൂർണമായും ബോദ്ധ്യം വന്നതും ഇപ്പോൾത്തന്നെ. കാക്കിയും തൊപ്പിയുമണിഞ്ഞ് കുറ്റകൃത്യങ്ങളുടെ പരമ്പരതന്നെ നടത്തിയിട്ടും സർവീസിൽ തുടർന്നിരുന്ന പി.ആർ. സുനു എന്ന സർക്കിൾ ഇൻസ്പെക്ടറെ കഴിഞ്ഞ ദിവസം പിരിച്ചുവിടാൻ സർക്കാരിന് ആശ്രയമായത് പൊലീസ് ആക്ടിലെ 86 (3) വകുപ്പാണ്. പെരുമാറ്റദൂഷ്യം, സ്‌ത്രീപീഡനം, ബലാത്സംഗം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു പുറത്താക്കപ്പെട്ട സുനു. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസ് സേനാംഗങ്ങളെ പിരിച്ചുവിടാൻ വ്യവസ്ഥകളുണ്ടായിട്ടും ഇതുവരെ അത്തരത്തിലൊരു നടപടിക്ക് സർക്കാർ മുതിർന്നിരുന്നില്ല. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ചവരെ മാത്രമേ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നുള്ളൂ. കഴിഞ്ഞ വർഷം ഇത്തരത്തിൽ നാലുപേർ പുറത്താക്കപ്പെട്ടിരുന്നു. 86-ാം വകുപ്പ് പ്രകാരം യൂണിഫോമും തൊപ്പിയും അഴിക്കേണ്ടിവന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ് പി.ആർ. സുനു. സുനുവിനെതിരെ ഇപ്പോൾ കൈക്കൊണ്ട കടുത്ത നടപടി സ്വാഗതാർഹമായ തുടക്കമാകട്ടെ എന്ന് ആശിക്കാം.

സർവീസിൽ തുടരുന്ന മറ്റു ക്രിമിനലുകൾക്കും ശക്തമായ മുന്നറിയിപ്പാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലപ്പെട്ട പൊലീസ് സേനാംഗങ്ങളിൽ ക്രിമിനലുകൾ കടന്നുകൂടുന്നത് ഒരു ഭരണകൂടത്തിനും വച്ചുപൊറുപ്പിക്കാനാകില്ല. സേനയെ മാത്രമല്ല ഇത്തരം ആൾക്കാർ അവമതിപ്പെടുത്തുന്നത്. സർക്കാരിന്റെ പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേൽപ്പിക്കാൻ ഇത്തരത്തിലുള്ള ഏതാനുംപേർ മതിയാകും. ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട 828 പേർ ഇപ്പോഴും സേനയിലുണ്ടെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത് സർക്കാർ തന്നെയാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമെന്നാണ് വയ്പ്. എന്നാൽ കാക്കിയുടെ ബലത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പലപ്പോഴും നിയമത്തിന്റെ വലയിൽ പെടാറില്ല. പെട്ടാലും അവരെ രക്ഷിക്കാൻ വിപുലമായ സന്നാഹങ്ങളുണ്ടാകും. കസ്റ്റഡി മരണങ്ങളുണ്ടാകുമ്പോൾ പ്രതികളുടെ രക്ഷയ്ക്കായി നടക്കാറുള്ള അണിയറ നാടകങ്ങൾ പലപ്പോഴും ജനങ്ങൾ കാണാറുള്ളതാണ്. കുറ്റവാളികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കേണ്ടത് പൊലീസ് തന്നെയാകുമ്പോൾ നിയമവും വകുപ്പുമൊക്കെ പലപ്പോഴും മാറിനിൽക്കാറുണ്ട്. നിയമപാലകർ നടത്തുന്ന നിയമലംഘനങ്ങളെ കൂടുതൽ ഗൗരവത്തോടെ കണ്ടാൽ മാത്രമേ കുറച്ചെങ്കിലും അവരുടെ മനോഭാവത്തിൽ മാറ്റം വരുത്താനാവൂ. സംഘടനാബലവും രാഷ്ട്രീയ ബന്ധുത്വവുമൊക്കെയാണ് കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് തുണയാകാറുള്ളത്.

മുക്കാൽ നൂറ്റാണ്ടിനിടയിൽ പൊലീസിന്റെ സമീപനത്തിലും രീതികളിലും ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നിരുന്നാലും പൊലീസിനെ ഇപ്പോഴും സാധാരണക്കാർ അതീവ ഭയത്തോടെ തന്നെയാണു കാണുന്നത്. നിയമത്തിനു നിരക്കാത്ത പലതും ചെയ്യാൻ അവർ തയ്യാറാകുമെന്നതുകൊണ്ടാണിത്. ആളും തരവും നോക്കിയാകും പൊലീസിന്റെ നിഷ്‌പക്ഷത എന്നു പറയുന്നതിൽ കഴമ്പുണ്ട്. അതിനാലാണ് ധാരാളം നിരപരാധികൾ ലോക്കപ്പുകളിൽ കിടന്ന് നരകിക്കേണ്ടിവരുന്നത്. മൂന്നാംമുറ പാടില്ലെന്നു പറയുമ്പോഴും അതിനു കുറവുവന്നിട്ടില്ല.

ഇൻസ്പെക്ടർ സുനുവിന്റെ പിരിച്ചുവിടൽ സേനയിൽ ഒരു ശുദ്ധീകരണത്തിന്റെ നല്ല തുടക്കമാകുമെങ്കിൽ സന്തോഷകരമാണ്. അധികാരം ദുർവിനിയോഗം ചെയ്യുന്നവർക്കും ക്രിമിനൽ കുറ്റങ്ങളിലേക്കു തിരിയുന്നവർക്കും ഇതൊരു പാഠമാകട്ടെ.